Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതാക മാത്രം ബാക്കി; ജറൂസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റിന്റെ ബോർഡുകൾ നീക്കം ചെയ്ത് ഇസ്രായേൽ

text_fields
bookmark_border
പതാക മാത്രം ബാക്കി; ജറൂസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റിന്റെ ബോർഡുകൾ നീക്കം ചെയ്ത് ഇസ്രായേൽ
cancel

തെൽ അവീവ്: ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടാനുള്ള ഇസ്രായേലിന്റെ സമയപരിധി അവസാനിച്ചതിന് പിന്നാലെ കോൺസുലേറ്റിന്റെ ബോർഡുകളും നെയിംപ്ലേറ്റുകളും ജീവനക്കാർ നീക്കം ചെയ്തു. ഇസ്രായേലും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് നടപടി.

ചൊവ്വാഴ്ചയോടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് കെട്ടിടത്തിലുണ്ടായിരുന്ന 'ബ്രിട്ടീഷ് കോൺസുലേറ്റ് ജനറൽ' എന്നെഴുതിയ ബോർഡും കോൺസുലാർ സെക്ഷന്റെ അടയാളങ്ങളും മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ജീവനക്കാർ എടുത്തുമാറ്റിയത്. എന്നാൽ കെട്ടിടത്തിന് മുകളിൽ ബ്രിട്ടീഷ് പതാക ഇപ്പോഴും ഉണ്ട്.

കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ ഉത്തരവിട്ടിട്ട് 30 ദിവസം പൂർത്തിയായതിന് പിന്നാലെയാണ് നടപടി. അനധികൃത ഇസ്രായേലി കുടിയേറ്റങ്ങൾക്കെതിരെയും അവിടത്തെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്മേൽ ബ്രിട്ടൻ ഏർപ്പെടുത്തിയ ഉപരോധത്തിനും മറുപടിയായാണ് ഗിഡിയൻ സാർ കോൺസുലേറ്റ് പൂട്ടാൻ ഉത്തരവിട്ടത്. ഈ കുടിയേറ്റ കേന്ദ്രങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം അനധികൃതമാണെന്നാണ് ഐക്യരാഷ്ട്രസഭയും ഭൂരിഭാഗം രാജ്യങ്ങളും നിലപാട് സ്വീകരിക്കുന്നത്. എന്നാൽ ഇസ്രായേൽ ഇത് അംഗീകരിക്കുന്നില്ല.

അതേസമയം കോൺസുലേറ്റ് അടച്ചുപൂട്ടാനുള്ള നീക്കവുമായി മുന്നോട്ടുപോയാൽ 27 ഇസ്രായേൽ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് ബ്രിട്ടൻ മുന്നറിയിപ്പ് നൽകിയിരുന്നു. കോൺസുലേറ്റ് തുറന്നുതന്നെ നിലനിർത്താൻ ബ്രിട്ടൻ ശ്രമിച്ചിരുന്നെങ്കിലും അടച്ചുപൂട്ടൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. വിഷയത്തിൽ ചർച്ച നടത്താൻ ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞ ആഴ്ച ഇസ്രായേലിലെത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

അധിനിവേശ കിഴക്കൻ ജറുസലേമിലെ ശൈഖ് ജറാഹ് പ്രദേശത്താണ് ബ്രിട്ടീഷ് കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്. ജറുസലേമിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികളുമായുള്ള ബ്രിട്ടന്റെ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതും ഫലസ്തീൻ പൗരന്മാർക്ക് കോൺസുലർ സേവനങ്ങൾ നൽകുന്നതും ഈ ഓഫീസാണ്.

അതേസമയം പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കോൺസുലേറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ, അവിടെ ജോലി ചെയ്തിരുന്ന നയതന്ത്ര ഉദ്യോഗസ്ഥർ ബ്രിട്ടനിലേക്ക് മടങ്ങിയോ തുടങ്ങിയ കാര്യങ്ങളിൽ ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് പ്രതികരിക്കാൻ തയാറായില്ല. ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാണെങ്കിലും സാമ്പത്തികം, സുരക്ഷ, രഹസ്യാന്വേഷണം തുടങ്ങിയ മേഖലകളിൽ ബ്രിട്ടനും ഇസ്രയേലും തമ്മിൽ അടുത്ത സഹകരണം തുടരുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Signage at UK consulate in East Jerusalem removed as Israel’s deadline over
Next Story