2026 ജി20 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ: 2026ൽ യു.എസിലെ മിയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കക്ക് ക്ഷണമുണ്ടാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആ രാജ്യത്തിന് എവിടെയും അംഗമാകാൻ യോഗ്യതയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പരാമർശം. 2025 ഡിസംബർ ഒന്നുമുതൽ 2026 നവംബർ 30 വരെ യു.എസാണ് ജി20 അധ്യക്ഷ സ്ഥാനം വഹിക്കുക.
ദക്ഷിണാഫ്രിക്കയിൽ അടുത്തിടെ നടന്ന ജി20 ഉച്ചകോടിയിൽ യു.എസ് പങ്കെടുത്തില്ല. രാജ്യത്ത് നടക്കുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ അഭിസംബോധന ചെയ്യുന്നതിന് ദക്ഷിണാഫ്രിക്കൻ സർക്കാർ വിസമ്മതിക്കുന്നതിനാലാണ് ഉച്ചകോടിയിൽ യു.എസ് പങ്കെടുക്കാതിരുന്നതെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
എവിടെയും അംഗത്വത്തിന് അർഹതയുള്ള രാജ്യമല്ലെന്ന് ദക്ഷിണാഫ്രിക്ക ലോകത്തിന് മുമ്പിൽ തെളിയിച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും സബ്സിഡികളും ഉടൻ നിർത്തും. ജി20 സമാപന ചടങ്ങിൽ പങ്കെടുത്ത യു.എസ് എംബസിയുടെ മുതിർന്ന പ്രതിനിധിക്ക് അധ്യക്ഷ സ്ഥാനം കൈമാറാൻ ദക്ഷിണാഫ്രിക്ക വിസമ്മതിച്ചു. അതിനാൽ തന്റെ നിർദേശമനുസരിച്ച് അടുത്തവർഷം ഫ്ലോറിഡയിലെ മിയാമിയിൽ നടക്കുന്ന 2026 ജി20 ഉച്ചകോടിയിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

