ഇന്ത്യ സ്വീകരിച്ചാനയിച്ച ഇസ്രായേൽ മന്ത്രിക്ക് സ്പെയിൻ വിലക്കേർപ്പെടുത്തി: ‘മനുഷ്യാവകാശത്തോടുള്ള പ്രതിബദ്ധതയാണ് ഈ നടപടിക്ക് പ്രേരകം’
text_fieldsമഡ്രിഡ്: കഴിഞ്ഞ ദിവസം ഇന്ത്യ സ്വീകരിച്ചാനയിച്ച ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സ്പെയിൻ. സ്മോട്രിച്ചിന് പുറമേ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻ ഗ്വിറിനും സ്പെയിൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ബെസലേൽ സ്മോട്രിച്ച് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ഭീകരതക്കെതിരെ പരസ്പരം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഗസ്സയിലെ ആക്രമണങ്ങൾക്കും പട്ടിണി മരണങ്ങൾക്കും അന്തർദേശീയ ക്രിമിനൽ കോടതിയുടെ റഡാറിലിരിക്കേയാണ് ബെസലേൽ സ്മോട്രിച്ച് ഇന്ത്യയിലെത്തിയത്. ഇതിനെതിരെ സി.പി.എം അടക്കമുള്ള രാ്ഷട്രീയ പാർടികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
മനുഷ്യാവകാശത്തോടുള്ള പ്രതിബദ്ധത മൂലമാണ് സ്പെയിൻ ഇരുവർക്കും വിലക്കേർപ്പെടുത്തിയതെന്ന് സ്പാനിഷ് വിദേശമന്ത്രി ഹോസെ മാനുവൽ അൽബരസ് അറിയിച്ചു. ഇസ്രായേലിന് ആയുധം വിൽക്കുന്നതും വാങ്ങുന്നതും പൂർണമായി വിലക്കൽ, ഇസ്രായേൽ സേനക്ക് ഇന്ധനവുമായി പോകുന്ന കപ്പലുകൾക്ക് സ്പാനിഷ് തുറമുഖങ്ങളിൽ നിർത്താൻ അനുമതി നിഷേധിക്കൽ, ഇസ്രായേൽ ആയുധങ്ങൾ വഹിക്കുന്ന വിമാനങ്ങൾക്ക് വ്യോമാതിർത്തി അടക്കൽ, വംശഹത്യയിൽ പങ്കാളിത്തം തെളിഞ്ഞ വ്യക്തികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തൽ തുടങ്ങിയ നിയന്ത്രണങ്ങൾ സ്പെയിൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് രണ്ട് മന്ത്രിമാർക്കുള്ള വിലക്ക് പ്രഖ്യാപിച്ചത്. നെതന്യാഹു അടക്കമുള്ളവർക്കും താമസിയാതെ സ്പെയിൻ വിലക്കേർപ്പെടുത്തിയേക്കുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.