ഇടതു സഖ്യത്തിന്റെ കടുത്ത എതിർപ്പ്; ഇസ്രായേൽ കമ്പനിയിൽ നിന്ന് ആയുധം വാങ്ങാനുള്ള കരാർ റദ്ദാക്കി സ്‌പെയിൻ
text_fieldsമാഡ്രിഡ്: ഭരണ സഖ്യത്തിലെ തീവ്ര ഇടതുപക്ഷ സഖ്യകക്ഷികളുടെ വിമർശനത്തെത്തുടർന്ന് ഇസ്രായേലിൽനിന്ന് ആയുധം വാങ്ങാനുള്ള വിവാദമായ 75 ലക്ഷം ഡോളറിന്റെ കരാർ സ്‌പെയിൻ സർക്കാർ വ്യാഴാഴ്ച നിർത്തിവെച്ചു. ഇടതുപക്ഷ പാർട്ടികളുടെ സംഘമായ ‘സുമർ’ ഭരണ സഖ്യത്തിൽനിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് രാജ്യത്തെ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കരാർ റദ്ദാക്കാൻ ഉത്തരവിട്ടു.
ചർച്ചകൾക്കുള്ള എല്ലാ വഴികളും തീർന്നതിനുശേഷം പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും ഉൾപ്പെട്ട മന്ത്രാലയങ്ങളും ഇസ്രായേൽ കമ്പനിയായ ഐ.എം.ഐ സിസ്റ്റംസുമായുള്ള ഈ കരാർ റദ്ദാക്കാൻ തീരുമാനിച്ചുവെന്ന് സർക്കാർ വൃത്തം പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ യുദ്ധം കാരണം ഇസ്രായേലിൽനിന്ന് ആയുധങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് സ്പെയിൻ പ്രതിജ്ഞയെടുത്ത് മാസങ്ങൾക്കകം 2024 ഫെബ്രുവരിയിൽ കരാർ ഒപ്പിട്ടത് ആഭ്യന്തര ഭിന്നതക്ക് വഴിവെച്ചിരുന്നു.
2024 ഒക്ടോബറിൽ ഒരു പ്രാരംഭ സാധ്യതാ പഠനം മുന്നറിയിപ്പ് നൽകിയിട്ടും വിതരണക്കാരന് നഷ്ടപരിഹാരം നൽകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം കരാറുമായി മുന്നോട്ട് പോയി. ‘സുമർ’ നേതാവും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ യോലാൻഡ ഡയസ് തീരുമാനത്തെ ‘നഗ്നമായ ലംഘനം’ എന്നും ഫലസ്തീൻ ജനതയുടെ തത്സമയ വംശഹത്യക്ക് തങ്ങൾ സാക്ഷ്യം വഹിക്കുകയാണെന്നും പ്രതികരിച്ചു. ഒടുവിൽ കടുത്ത സമ്മർദ്ദം മൂലം കരാർ പിൻവലിക്കേണ്ടിവന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.