സുഡാനിൽ സിവിലിയൻ ക്യാമ്പിൽ ആക്രമണം: 40 പേർ കൊല്ലപ്പെട്ടു
text_fieldsകൈറോ: സുഡാനിൽ വടക്കൻ ദർഫൂർ തലസ്ഥാന നഗരമായ അൽഫാഷിറിന് സമീപം പട്ടിണിമൂലം വീടുവിട്ടിറങ്ങിയവർ കഴിഞ്ഞ അബൂശൗഖ് ക്യാമ്പിൽ നടന്ന ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. ഔദ്യോഗിക സേനക്കെതിരെ നിലയുറപ്പിച്ച അർധ സൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസ് (ആർ.എസ്.എഫ്) ആണ് ആക്രമണം നടത്തിയത്. നാലര ലക്ഷത്തോളം അഭയാർഥികൾ കഴിയുന്ന ക്യാമ്പിലാണ് ആക്രമണമുണ്ടായത്.
സൈനിക നിയന്ത്രണത്തിലുള്ള ക്യാമ്പ് മുമ്പും തുടർച്ചയായ ആക്രമണങ്ങൾക്കിരയായിട്ടുണ്ട്. 40 പേർ കൊല്ലപ്പെട്ടതിന് പുറമെ 19 പേർക്ക് പരിക്കുമുണ്ട്. 2023ൽ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര സംഘട്ടനം അതിവേഗം രാജ്യമൊട്ടുക്കും പടരുകയായിരുന്നു.
ഔദ്യോഗിക സേനയും ആർ.എസ്.എഫും തമ്മിലെ സംഘട്ടനങ്ങൾ 1.2 കോടി പേരെ ഇതിനകം അഭയാർഥികളാക്കിയിട്ടുണ്ട്. കൊടുംപട്ടിണിയും സുഡാനിൽ പിടിമുറുക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.