പ്രധാനമന്ത്രിയുടെ കൊലപാതകത്തിൽ ഇസ്രായേലിനോട് പകരംവീട്ടുമെന്ന് ഹൂതികൾ
text_fieldsയമനിൽ ഇസ്രായേൽ നടത്തിയ ആക്രമണം
സൻആ: പ്രധാനമന്ത്രിയുടെ കൊലപാതകത്തിൽ ഇസ്രായേലിനോട് പകരം വീട്ടുമെന്ന് യമനിലെ ഹൂതി വിമതർ. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹൂതിവിമതരുടെ പ്രധാനമന്ത്രി കൊല്ലപ്പെട്ടത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് വിഡിയോ സന്ദേശത്തിലൂടെ ഹൂതി വിമതർ നൽകിയത്.
ഹൂതികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ തലവൻ മഹ്ദി അൽ മസാതാണ് മുന്നറിയിപ്പ് നൽകിയത്. ഞങ്ങൾ ദൈവത്തിനും യമനി ജനതക്കും ആക്രമണത്തിൽ രക്തസാക്ഷിത്വം വഹിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഇസ്രായേലിനോട് പകരംവീട്ടുമെന്ന് ഉറപ്പ് നൽകുകയാണെന്ന് വിഡിയോ സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയും നിരവധി അനുയായികളും കൊല്ലപ്പെട്ടിരുന്നു. ആക്രമണം ഇസ്രായേൽ പ്രതിരോധമന്ത്രി കാറ്റ്സ് സ്ഥിരീകരിക്കുകയും ചെയ്തു. ഹൂതി നേതൃത്വത്തിന് കനത്ത പ്രഹരമേൽപ്പിക്കാൻ ആക്രമണത്തിലൂടെ കഴിഞ്ഞുവെന്നും ഇസ്രായേൽ അവകാശപ്പെടുകയും ചെയ്തു.
ഹൂതികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഈയിടെ ഇസ്രായേൽ കടുപ്പിച്ചിരുന്നു. ചെങ്കടലിലും ഏദൻ കടലിടുക്കിലും കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇസ്രായേലിന്റെ ആക്രമണങ്ങൾ. ഫലസ്തീന് പിന്തുണ അറിയിച്ചാണ് ഹൂതികൾ കപ്പുലകൾക്ക് നേരെ ആക്രമണം നടത്തുന്നത്. ബുധനാഴ്ച ഇസ്രായേലിന്റെ ദക്ഷിണ മേഖലയിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഹൂതി ഗ്രൂപ്പിന്റെ നേതാവ് അബ്ദുൽ മാലിക് അൽ ഹൂത്തിയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയവരിലെ 10 മുതിർന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ട് നടത്തിയതായി പറയപ്പെടുന്ന ആക്രമണത്തിനുശേഷമാണ് അപ്പാർട്ട്മെന്റ് ഇസ്രായേൽ ലക്ഷ്യമിട്ടത്.ഈയൊരു ആക്രമണത്തിലാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
ഗസ്സ മനുഷ്യക്കുരുതി: ആയുധമേളയിൽ ഇസ്രായേലിന് യു.കെ വിലക്ക്
ലണ്ടൻ: ഗസ്സയിലെ മനുഷ്യക്കുരുതി തുടരുന്ന ഇസ്രായേലിനോടുള്ള എതിർപ്പ് അന്താരാഷ്ട്ര സമൂഹത്തിൽ രൂക്ഷമാകുന്നതിനിടെ, രാജ്യത്തെ ഏറ്റവും വലിയ ആയുധമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇസ്രായേലിനെ വിലക്കി യു.കെ. എന്നാൽ, ഇസ്രായേൽ പ്രതിരോധ വിഭാഗം കരാറുകാരുടെ പ്രതിനിധികൾക്ക് വിലക്കില്ല.
അവർക്ക് സെപ്റ്റംബർ ഒമ്പതു മുതൽ 12വരെ ലണ്ടനിൽ നടക്കുന്ന പ്രദർശനത്തിൽ (ഡി.എസ്.ഇ.ഐ യു.കെ) പങ്കെടുക്കാം. നേരത്തെ ‘ഡിഫൻസ് ആൻഡ് സെക്യൂരിറ്റി എക്വിപ്മെന്റ് ഇന്റർനാഷനൽ’ എന്ന പേരിലാണ് പ്രദർശനം അറിയപ്പെട്ടിരുന്നത്.
ഗസ്സയിൽ യുദ്ധം കടുപ്പിക്കാനുള്ള ഇസ്രായേൽ തീരുമാനം ശരിയല്ലെന്ന് ബ്രിട്ടീഷ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ, ഇസ്രായേൽ സർക്കാർ പ്രതിനിധികളെ പ്രതിരോധ ഉൽപന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് പ്രസ്താവന തുടർന്നു. ഗസ്സ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇസ്രായേൽ നടപടിയെടുത്തില്ലെങ്കിൽ ബ്രിട്ടൻ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ജൂലൈയിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമെർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗസ്സയിൽ ഉപയോഗിക്കാൻ സാധ്യതയുള്ള ആയുധം ഇസ്രായേലിന് വിൽക്കുന്നത് നേരത്തെ യു.കെ വിലക്കിയിരുന്നു.
ഭീകരവാദികൾക്കുള്ള സഹായവും തികഞ്ഞ വിവേചനവുമാണ് യു.കെ തീരുമാനമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. തങ്ങൾ പ്രദർശനത്തിലുണ്ടാകില്ലെന്നും രാജ്യത്തിന്റെ പവിലിയൻ സ്ഥാപിക്കില്ലെന്നും അവർ വ്യക്തമാക്കി.
കിഴക്കൻ ലണ്ടനിലെ എക്സൽ സെന്ററിലാണ് പ്രദർശനം. ഇവിടെ പ്രതിഷേധിക്കുമെന്ന് ഫലസ്തീൻ അനുകൂല യുദ്ധവിരുദ്ധ ഗ്രൂപ്പുകൾ വ്യക്തമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.