തീരുവ നയം: അപ്പീൽ കോടതിക്കെതിരെ ട്രംപ് സുപ്രീംകോടതിയിൽ
text_fieldsപ്രതീകാത്മക ചിത്രം
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ തീരുവ നയത്തിനെതിരായ അപ്പീൽ കോടതി വിധിക്കെതിരായ സുപ്രീംകോടതിയിൽ ഹരജി. അടിയന്തര ഘട്ടത്തിൽ പ്രസിഡന്റിന് പ്രയോഗിക്കാനുള്ള അധികാരത്തിന്റെ ദുർവിനിയോഗമെന്ന് ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അപ്പീൽ കോടതി ട്രംപിന്റെ തീരുവ നയം നിയമവിരുദ്ധമാണെന്ന വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സർക്കാർ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കേസ് വേഗത്തിൽ പരിഗണിക്കണമെന്നും അപ്പീൽ കോടതി വിധി റദ്ദാക്കണമെന്നും സോളിസിറ്റർ ജനറൽ ഡി. ജോൺ സോയർ ഹരജിയിൽ ബോധിപ്പിച്ചു. നികുതി ഏർപ്പെടുത്താനും തീരുവ നയം രൂപവത്കരിക്കാനും സർക്കാറിന് ഭരണഘടന അധികാരം നൽകുന്നുണ്ടെന്നും സമയബന്ധിതമായി കോടതി ഇടപെടലുണ്ടായില്ലെങ്കിൽ അത് വലിയ നഷ്ടങ്ങൾക്കിടയാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഇന്ത്യക്ക് അധികമായി 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയത് റഷ്യൻ എണ്ണ വാങ്ങുന്നതിന് പിഴയായിട്ടാണെന്ന നിലപാടും ട്രംപ് സർക്കാർ സുപ്രീംകോടതിയിൽ ആവർത്തിച്ചു.
യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ നടപടി. അത് രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനാണെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.