Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാതാവ് പിറന്നാൾ സമ്മാനമായി നൽകിയ തോക്കുമായി സ്കൂളിൽ 16കാരന്റെ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു

text_fields
bookmark_border
മാതാവ് പിറന്നാൾ സമ്മാനമായി നൽകിയ തോക്കുമായി സ്കൂളിൽ 16കാരന്റെ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു
cancel

വാഷിങ്ടൺ: അമേരിക്കയിലെ ഒറിഗോൺ സ്റ്റേറ്റ് പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. സ്‌കൂളിൽ നടന്ന വെടിവെപ്പിന് പിന്നിൽ 16കാരനായ കൗമാരക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കി. ഗ്രഫിൻ ജെ. ജോൺ II എന്ന കൗമാരക്കാരനാണ് കഴിഞ്ഞ വ്യാഴാഴ്ച ബെൻഡ് നഗരത്തിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്‌കൂളിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. പ്രതി ഒരിക്കൽ ഈ സ്‌കൂളിലെ സ്പെഷ്യൽ നീഡ്സ് വിദ്യാർഥിയായിരുന്നു.

പ്രതിയായ കൗമാരക്കാരന് തോക്ക് പിറന്നാൾ സമ്മാനമായി നൽകിയത് അമ്മയാണെന്നാണ് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അമ്മയായ ഷൗണ്ടായ് നിക്കേഴ്സൺ ആഗസ്റ്റിൽ ആണ് തോക്ക് നിയമപരമായി വാങ്ങിയത്. തുടർന്ന് വിനോദാവശ്യങ്ങൾക്കായി അവർ ഇത് മകന് സമ്മാനമായി നൽകുകയായിരുന്നുവെന്ന് വിവരങ്ങൾ വ്യക്തമാക്കുന്നു.

സ്‌കൂളിന് പുറത്തുകൂടി കടന്നുപോയ ഒരു പിക്ക്-അപ്പ് ട്രക്കിന് നേരെയാണ് ജോൺ ആദ്യം വെടിയുതിർത്തത്. ഈ വാഹനത്തിന്റെ ഡ്രൈവറാണ് ആദ്യമായി പൊലീസിൽ വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് പൂട്ടിയിട്ടിരുന്ന ഗ്ലാസ് വാതിലുകൾ വെടിവെച്ച് തകർത്താണ് 16കാരൻ സ്‌കൂളിനുള്ളിൽ പ്രവേശിച്ചത്.

വാതിൽക്കൽനിന്ന് ഇടത്തേക്ക് തിരിഞ്ഞുള്ള ആദ്യ ക്ലാസ് മുറിയിലേക്ക് കയറിയ അക്രമി, അവിടെയുണ്ടായിരുന്ന നാല് പേരെയും വെടിവെച്ച് കൊലപ്പെടുത്തുകയും രണ്ട് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളായ റോം സമ്മറിന് അഞ്ച് വയസ്സ് മാത്രമാണ് പ്രായമുണ്ടായിരുന്നത്. കൊല്ലപ്പെട്ട മറ്റ് രണ്ട് കുട്ടികളുടെ പ്രായം എട്ട്, 11 എന്നിങ്ങനെയാണ്. 25കാരിയായ മേഗൻ ലാംബർട്ട് ആണ് കൊല്ലപ്പെട്ട അധ്യാപിക. ആക്രമണത്തിൽ ഏഴ് വയസ്സുകാരിയായ ഒരു പെൺകുട്ടിയും 54 കാരനായ മറ്റൊരു അധ്യാപകനും പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണം നടന്ന സമയത്ത് ക്ലാസ് മുറിയിൽ നാല് മുതിർന്നവരും അഞ്ച് കുട്ടികളുമടക്കം ആകെ ഒമ്പത് പേരാണ് ഉണ്ടായിരുന്നത് എന്ന് പൊലീസ് അറിയിച്ചു.

പിക്-അപ്പ് ട്രക്കിന് നേരെ വെടിവെക്കുന്നത് കണ്ട് അക്രമിയെ പിന്തുടർന്ന് സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ച കെയ്‌ലുബ് ജിയമാങ്കോ എന്ന 36 കാരനാണ് അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അക്രമിയുമായി ഒരു അധ്യാപകൻ തോക്കിനായി പിടിവലി നടത്തുന്നതിനിടയിലേക്കാണ് രണ്ട് കുട്ടികളുടെ പിതാവായ കെയ്‌ലുബ് ജിയമാങ്കോ എത്തി അക്രമിയെ വെടിവെച്ചുവീഴ്ത്തിയത്. ബെൻഡ് നഗരത്തിലെ സിൽവർ റെയിൽ സ്‌കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ പിതാവാണ് ഇദ്ദേഹം.

അക്രമിയുടെ ലക്ഷ്യം എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം, കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ സ്‌കൂളിന്റെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും കൗമാരക്കാരന് തോക്ക് ലഭിച്ച സാഹചര്യത്തെക്കുറിച്ചും അന്വേഷിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teen kills 3 kids, teacher in Oregon school shooting
Next Story