ഇസ്രായേൽ സമാധാന വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് അമേരിക്ക ഉറപ്പാക്കണം -ഇറാൻ
text_fieldsതെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ ഉപമന്ത്രി സയീദ് ഖതിബ്സാദെ. എന്നാൽ സമാധാന ധാരണയിലെ വ്യവസ്ഥകൾ ഇസ്രായേൽ പാലിക്കുന്നുണ്ടെന്ന് അമേരിക്ക ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "മറുകക്ഷിയും ഇതേ ഗൗരവം പ്രകടിപ്പിക്കുകയാണെങ്കിൽ, പടിപടിയായി മുന്നോട്ട് പോകാൻ ഞങ്ങൾ തയ്യാറാണ്," അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സമാധാന ചർച്ചകൾക്കായി അമേരിക്കൻ ഇറാൻ പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക് തിരിക്കുന്നതിനു മുമ്പായിരുന്നു ഖതിബ്സാദെയുടെ പ്രതികരണം. കരാറിൽ ഒപ്പിട്ട സംഘത്തിന്റെ നേരിട്ടുള്ള ചർച്ചകൾ സ്വിറ്റ്സർലൻഡിൽ വെള്ളിയാഴ്ച നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ധാരണാപത്രം തയ്യാറാക്കാൻ വൈകിയതിനാൽ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. വെള്ളിയാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള രൂക്ഷമായ പോരാട്ടം നടന്നതും ചർച്ചകളെ പ്രതികൂലമായി ബാധിച്ചിരുന്നു. അർധരാത്രി മുതൽ ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 47 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ലെബനനിലെ ഏറ്റവും പുതിയ ഇസ്രായേലി ആക്രമണങ്ങളെ ഖതിബ്സാദെ അപലപിച്ചു. ഇസ്രായേലിന്റെ തുടർച്ചയായ യുദ്ധം ഗുരുതരവും ഉടനടിയുള്ളതുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഖതിബ്സാദെ പറഞ്ഞു. ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാതെ ലെബനനിലും മേഖലയിലും സമാധാനമോ സ്ഥിരതയോ ഉണ്ടാകില്ലെന്നും ഖതിബ്സാദെ കൂട്ടിച്ചേർത്തു. ഹുർമുസിൽ ഒമാനുമായി ഏകോപിപ്പിച്ച് അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇറാൻ നാവിഗേഷൻ സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
കരാർ പ്രകാരം വ്യക്തമാക്കിയ 60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ ഇറാൻ ഹുർമുസിൽ ഫീസ് ചുമത്തില്ലെന്നും, എന്നാൽ ജലപാത കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ സംവിധാനം പിന്നീട് അവതരിപ്പിക്കുമെന്നും ഭാവിയിലെ ഏതൊരു കരാറിലും മരവിപ്പിച്ച എല്ലാ ഇറാനിയൻ ഫണ്ടുകളും വിട്ടുകൊടുക്കുന്നത് ഉൾപ്പെടുത്തണമെന്നും ഖതിബ്സാദെ പറഞ്ഞു.
നയതന്ത്ര ചർച്ചകൾക്കായി യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സ്വിറ്റ്സർലൻഡിലേക്ക് പുറപ്പെട്ടതായാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾക്കാണ് സ്വിറ്റ്സർലൻഡിലെ പർവത റിസോർട്ടായ ബർഗൻസ്റ്റോക്കിൽ വേദിയൊരുങ്ങുന്നത്. യു.എസും ഖത്തറും ഇറാന്റെ സഹായത്തോടെ നടത്തിയ നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ ലബനാനിൽ പുതിയ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് ചർച്ചകൾക്കായി വീണ്ടും തയാറെടുപ്പുകൾ ഒരുങ്ങിയത്.
വെടിനിർത്തൽ ലംഘിക്കപ്പെട്ടാൽ അത് ചർച്ചകളെ ബാധിക്കുമെന്ന് അരാഗ്ചി വിദേശ നേതാക്കളെ അറിയിച്ചിട്ടുണ്ട്.യു.എസും ഇറാനും തമ്മിലുണ്ടാക്കിയ 14 ഇന ധാരണാപത്ര പ്രകാരം ലബനാൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഉടനടി സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കേണ്ടതുണ്ട്. കൂടാതെ ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിത പാത ഇറാൻ പുനഃസ്ഥാപിക്കുകയും യു.എസ് തങ്ങളുടെ നാവിക ഉപരോധങ്ങൾ നീക്കാനും ധാരണയായിട്ടുണ്ട്. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ ഘട്ടങ്ങളായി പിൻവലിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കുക, ഇറാന്റെ എണ്ണ കയറ്റുമതിക്ക് യു.എസ് ട്രഷറിയുടെ അനുമതി നൽകുക എന്നിവയും കരാറിന്റെ ഭാഗമാണ്. 60 ദിവസത്തെ കാലാവധിക്കുള്ളിൽ ഇറാന്റെ ആണവപദ്ധതി ഉൾപ്പെടെയുള്ള തർക്കവിഷയങ്ങളിൽ ഇരുവിഭാഗവും സാങ്കേതിക ചർച്ചകളിലൂടെ അന്തിമ കരാറിലെത്തണം. യു.എസ്, ഇറാൻ, ഖത്തർ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

