ട്രംപിനെതിരെ പ്രതിഷേധവുമായി പതിനായിരങ്ങൾ തെരുവിൽ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ, ഏകാധിപത്യ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി പതിനായിരങ്ങൾ തെരുവിലിറങ്ങി. ‘രാജാക്കന്മാരില്ല’ എന്ന ബാനറിൽ നടന്ന പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറി.
ജനാധിപത്യവും കുടിയേറ്റ അവകാശങ്ങളും സംരക്ഷിക്കുന്നതിന് പിന്തുണയുമായി എത്തിയ പ്രതിഷേധക്കാർ സ്വേച്ഛാധിപത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. നൂറുകണക്കിന് പരിപാടികളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതായി പ്രതിഷേധ പരിപാടിയുടെ സംഘാടകർ പറഞ്ഞു. വിവിധയിടങ്ങളിൽ ഗവർണർമാർ സംയമനം പാലിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും അക്രമത്തോട് സഹിഷ്ണുത കാണിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ചിലയിടങ്ങളിൽ നാഷനൽ ഗാർഡിനെ വിന്യസിച്ചു. ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്തു.
കുടിയേറ്റക്കാർക്കെതിരായ നടപടിയുടെ പേരിൽ വൻ പ്രക്ഷോഭം അരങ്ങേറിയ ലോസ് ആഞ്ചൽസിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ബലപ്രയോഗം നടത്തി.
ന്യൂയോർക്, ഡെൻവർ, ഷികാഗോ, ഓസ്റ്റിൻ, ലോസ് ആഞ്ജലസ് എന്നിവിടങ്ങളിൽ വലിയ ജനക്കൂട്ടം തെരുവിൽ നൃത്തം ചെയ്തും ഡ്രം അടിച്ചുമാണ് മാർച്ചിൽ പങ്കെടുത്തത്. യു.എസ് കാപ്പിറ്റോളിന് മുന്നിലും ആയിരങ്ങൾ തടിച്ചുകൂടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.