തീവ്രവാദ സംഘടനകളുടെ പ്രവർത്തനം അഫ്ഗാനിലെ അസ്ഥിരതക്ക് മുഖ്യഘടകം –ഷാങ്ഹായ് കൂട്ടായ്മ
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താനിൽ തീവ്രവാദ സംഘടനകൾ പ്രവർത്തനം തുടരുന്നത് ആ രാജ്യത്തിെൻറ അസ്ഥിരതക്ക് മുഖ്യഘടകമാണെന്ന് ഷാങ്ഹായ് സഹകരണ കൂട്ടായ്മ (എസ്.സി.ഒ). വൻ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ മാറിനിൽക്കണമെന്നും തജ്ക്കിസ്താനിൽ ചേർന്ന യോഗം നിർദേശിച്ചു. ഇന്ത്യ, ചൈന, പാകിസ്താൻ, റഷ്യ ഉൾപ്പെടെ എട്ടംഗ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു.
അഫ്ഗാനിസ്താനിൽനിന്ന് അമേരിക്കൻ സേന പിന്മാറാൻ തുടങ്ങിയതിന് പിന്നാലെയുണ്ടായ സുരക്ഷാ സ്ഥിതിഗതികൾ യോഗം ചർച്ചചെയ്തു. ആഗസ്റ്റോടെ സൈനികരെ പൂർണമായി പിൻവലിക്കാനാണ് അമേരിക്കൻ തീരുമാനം. അഫ്ഗാനിസ്താനിൽ താലിബാൻ മുന്നേറ്റത്തിനിടെയാണ് ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ മുന്നറിയിപ്പ്. അഫ്ഗാനിസ്താനിലെ സ്ഥിരതക്കും വികസനത്തിനും ബന്ധപ്പെട്ട രാജ്യങ്ങളും രാജ്യാന്തര സംഘടനകളും ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ സഹകരണം വർധിപ്പിക്കണമെന്നും യോഗം നിർദേശിച്ചു.
അതിർത്തി തർക്കം: ചർച്ചക്ക് തയാറെന്ന് ചൈന
ബെയ്ജിങ്: അതിർത്തി തർക്കത്തിൽ ഇരു രാജ്യങ്ങൾക്കും അംഗീകരിക്കാവുന്ന നിലപാടിലേക്കെത്താൻ ചർച്ചക്ക് തയാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. കിഴക്കൻ ലഡാക്കിൽ നിലവിലെ സാഹചര്യം നീളുന്നത് ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഇന്ത്യ അറിയിച്ചതിനോടാണ് ചൈനയുടെ അടിയന്തര പ്രതികരണമുണ്ടായത്. താജികിസ്താനിലെ ദുഷാൻബെയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയിലാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
ഗൽവാൻ താഴ്വരയിൽ നിന്നും പങോങ് തടാക പ്രദേശങ്ങളിൽ നിന്നും ഇരു രാജ്യങ്ങളുടെയും സൈനികരുടെ പിന്മാറ്റത്തിനുശേഷം അതിർത്തിയിൽ സ്ഥിതിഗതികൾ ലഘൂകരിച്ചിട്ടുണ്ടെന്നും എന്നിരുന്നാലും, ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഇപ്പോഴും മികച്ച നിലയിൽ എത്തിയിട്ടില്ലെന്നും വ്യാഴാഴ്ച വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വാങ് യി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.