ഫലസ്തീൻ സംഘർഷം: നുണക്കഥകൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: ഗസ്സക്കുമേൽ മഹാനാശവുമായി ഇസ്രായേൽ ബോംബറുകൾ ആക്രമണം ശക്തമാക്കുമ്പോഴും ഫലസ്തീൻ വിരുദ്ധതയും ഇസ്ലാം ഭീതിയും കെട്ടുപൊട്ടിയൊഴുകി സമൂഹ മാധ്യമങ്ങൾ. എക്സിലാണ് കൂടുതലും.
ഇതിലേറെയുമെത്തുന്നത് ഇന്ത്യയിൽനിന്നാണെന്നതാണ് കൂടുതൽ ഞെട്ടിക്കുന്നത്. ഒരു ജൂതകുടുംബത്തിലെ കുഞ്ഞിനെ ഹമാസ് തട്ടിക്കൊണ്ടുപോകുന്നതെന്നും ട്രക്കിന്റെ പിറകിൽ കെട്ടി ജൂത ബാലനെ തലവെട്ടുന്നതെന്നും പ്രചരിച്ച വ്യാജ വിഡിയോകൾ ഉദാഹരണം മാത്രം.
ഹമാസ് ആക്രമണം യു.എസ് നടത്തിയ മനഃശാസ്ത്രനീക്കത്തിന്റെ തുടർച്ചയെന്ന ട്വീറ്റും ആയിരങ്ങളാണ് പങ്കുവെച്ചത്. ഇന്ത്യയിലെ പ്രമുഖ വസ്തുതാന്വേഷകരായ ‘ബൂം’ നൽകുന്ന സൂചനകളനുസരിച്ച്, ഇന്ത്യയിൽനിന്നുള്ള നിരവധി എക്സ് ഹാൻഡ്ലുകളാണ് ഇവയിൽ മുന്നിലുള്ളത്. ഹമാസിനെയും ഫലസ്തീനികളെയും അതിക്രൂരരും മൃഗീയരുമായി ചിത്രീകരിക്കലാണ് ഇവർ പ്രധാനമായി നിർവഹിക്കുന്ന ദൗത്യം.
ഒരു ഫലസ്തീൻ പോരാളി നിരവധി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി പിടിക്കുന്നതിന്റെ എന്നപേരിൽ വൻതോതിൽ പ്രചരിച്ച വിഡിയോ മറ്റൊരുദാഹരണം.
ജറൂസലമിലേക്ക് നടന്ന ഒരു സ്കൂൾ ട്രിപ് ആണ് യഥാർഥത്തിൽ ഇത്. മാത്രവുമല്ല, സൂക്ഷ്മമായി പരിശോധിച്ചാൽ പെൺകുട്ടികൾ ചിരിച്ചുകളിച്ച് പരസ്പരം കളി പറയുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമാണ് രംഗങ്ങൾ. ഇത് ഹമാസിനും ഫലസ്തീനുമെതിരായ വിഡിയോ ആയി അവതരിപ്പിച്ചപ്പോൾ 60 ലക്ഷത്തിലേറെ പേരാണ് കണ്ടത്.
അനേകായിരങ്ങൾ ട്വീറ്റ് പങ്കുവെക്കുകയും ചെയ്തു. എന്നാൽ, ഈ പങ്കുവെച്ചവരിലേറെയും ഇന്ത്യയിൽനിന്നാണെന്നതാണ് കൗതുകം. ‘ആൻഗ്രി സാഫ്രൺ’ എന്ന ടെലിഗ്രാം ചാനലുൾപ്പെടെ ഇത് പങ്കുവെച്ചു. ഹമാസ് ഒരു ജൂതബാലനെ തട്ടിക്കൊണ്ടുപോകുന്നതായി വന്ന മറ്റൊരു വിഡിയോയും സമാനം. ഒറ്റ പോസ്റ്റിൽ 10 ലക്ഷത്തിലേറെ പേർ കണ്ട ട്വീറ്റ് പങ്കുവെച്ച 10 പ്രമുഖ ഹാൻഡ്ലുകളിൽ ഏഴും ഇന്ത്യയിലെയായിരുന്നു. ഈ ഏഴു ട്വീറ്റുകളും ചേർന്ന് 30 ലക്ഷത്തിലേറെ പേരാണ് കണ്ടത്. യഥാർഥത്തിൽ, സെപ്റ്റംബറിലെ ഈ വിഡിയോക്ക് തട്ടിക്കൊണ്ടുപോകലുമായോ ഗസ്സയുമായോ പോലും ബന്ധമില്ലെന്നതാണ് വസ്തുത. ഈ വിഡിയോകൾ പങ്കുവെക്കുന്ന ഹാൻഡ്ലുകൾ അനുബന്ധമായി മുസ്ലിം വിരുദ്ധ പ്രതികരണങ്ങൾ പങ്കുവെക്കാനും തിടുക്കംകൂട്ടുന്നവയാണ്.
കുട്ടിയെ തലവെട്ടുന്ന വ്യാജ വിഡിയോ പങ്കുവെച്ച സിൻഹയെന്ന പേരിലുള്ള അക്കൗണ്ട് ‘ഇസ്ലാമാണ് പ്രശ്ന’മെന്ന ഹാഷ്ടാഗ് കൂടി ഉപയോഗിക്കുന്നുണ്ട്. ഫലസ്തീനെ ഭൂമുഖത്തുനിന്ന് ഇസ്രായേൽ തുടച്ചുനീക്കണമെന്നാണ് ഒരു മുൻ സൈനികന്റെ പേരിലുള്ള ഹാൻഡ്ലിലെ അഭിപ്രായം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.