'രക്തത്തിൽ കുളിച്ച പിങ്ക് നിറമുള്ള കിടക്ക, അതിലാകെ മുടിയിഴകൾ പറ്റിപ്പിടിച്ചു കിടപ്പുണ്ടായിരുന്നു, അത് അവളുടെ കിടക്കയായിരുന്നു'; കവിതയിലെ വരികളെന്നപോലെ, പർണിയയുടെ ജീവിതവും എരിഞ്ഞൊടുങ്ങി
text_fieldsആ കവിതയിലെ വരികളെന്നപോലെ, പർണിയയുടെ ജീവിതവും എരിഞ്ഞൊടുങ്ങി. ‘ഞാൻ എരിയുന്നു, ഞാൻ മായുന്നു’വെന്ന് കുറിച്ച് ഇറാനിയൻ ജനതയുടെ വേദനയും രോഷവും പകർത്തിയ കവി പർണിയ അബ്ബാസി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് ദിവസങ്ങൾക്ക് മുമ്പാണ്.
തെഹ്റാനിൽ അവർ താമസിച്ചിരുന്ന ഫ്ലാറ്റിനുനേരെയുണ്ടായ ആക്രമണത്തിൽ 24 കാരിയായ പർണിയയും പിതാവും മാതാവും സഹോദരനും കൊല്ലപ്പെട്ടു. പർണിയയുടെ കൂട്ടുകാരി മറിയമിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു നോവായി വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു:
‘രക്തത്തിൽ കുളിച്ച പിങ്ക് നിറമുള്ള കിടക്ക ഞാൻ അവിടെ കണ്ടു. അതിലാകെ മുടിയിഴകൾ പറ്റിപ്പിടിച്ചു കിടപ്പുണ്ടായിരുന്നു. അത് അവളുടെ കിടക്കയായിരുന്നു. അവളുടെ മുടിയും. അപ്പോൾ മാത്രമാണ് മുമ്പ് എഴുതിയതുപോലെ ‘എന്റെയാകാശത്തെ നിശബ്ദ നക്ഷത്രമായി’ അവൾ മാറിയെന്ന് ഞാൻ തിരിച്ചറിഞ്ഞത്’.
പൊലിയുന്ന താരകം
ഞാൻ രണ്ടാൾക്കുംവേണ്ടി കരഞ്ഞു -
നിനക്കുവേണ്ടിയും എനിക്ക് വേണ്ടിയും.
എന്റെ കണ്ണീര്
നക്ഷത്രങ്ങൾക്കേറ്റ പ്രഹരങ്ങളായി
നിന്റെ ലോകത്ത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം
എന്റെതിൽ നിഴലിനായുള്ള അലച്ചിൽ
ഞാനും നീയും അവസാനം എവിടെയോ എത്തിച്ചേരും
അവിടെ ലോകത്തിലേറ്റവും സുന്ദരമായ കവിത നിൽക്കുന്നിടം
ജീവിതത്തിന്റെ മുറുമുറുക്കലുകളെക്കുറിച്ച് നീയെവിടെയോ പരാതിപ്പെടാൻ തുടങ്ങും
പക്ഷേ, ഞാൻ അവസാനിപ്പിക്കും
നിന്റെ ആകാശത്തിലെ പൊലിയുന്ന താരകമാവും ഞാൻ,
ഒരു പുകപോലെ
മൊഴിമാറ്റം: സൗമ്യ പി.എൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.