‘ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടുള്ള പ്രത്യേക നിയമങ്ങളില്ല, നടപ്പാക്കുന്നത് ആഗോളതലത്തിൽ’; എച്ച് വൺ ബി വിസ വിഷയത്തിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്
text_fieldsവാഷിങ്ടൺ: എച്ച് വൺ ബി ഉൾപ്പെടെയുള്ള വിസകളുമായി ബന്ധപ്പെട്ട് അമേരിക്കയിലുള്ള ഇന്ത്യക്കാർക്കിടയിൽ ആശങ്ക പുകയുന്നതിനിടെ വിശദീകരണവുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. അമേരിക്കയുടെ വിസ നിയമങ്ങൾ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും ലോകമെമ്പാടും ഒരേ രീതിയിലാണ് ഇവ നടപ്പിലാക്കുന്നതെന്നും മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വിസ നിയമങ്ങൾ മുൻകാലങ്ങളിൽ വിവേചനപരമായാണ് നടപ്പാക്കിയിരുന്നതെന്നും എന്നാൽ ഇപ്പോൾ ആ രീതി മാറിയതായും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.
"ഇന്ത്യയെ ലക്ഷ്യമിട്ട് പ്രത്യേക വിസ നിയമങ്ങളൊന്നും നിലവിലില്ല. കൃത്യമായ നിർദേശങ്ങളോടെ ആഗോളതലത്തിൽ പൊതുവായി നടപ്പിലാക്കുന്ന വിസ നിയമങ്ങളാണിവ. വിസ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാക്കുന്നതിലൂടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരും." -ടോമി പിഗോട്ട് വാർത്ത സമ്മേളനത്തിനിടെ വ്യക്തമാക്കി.
അമേരിക്കയിലെ നിക്ഷേപങ്ങൾക്കും വ്യാപാരങ്ങൾക്കും ആവശ്യമായ വിദേശ തൊഴിലാളികളെയും വിദഗ്ധരെയും രാജ്യത്തേക്ക് വരാൻ അനുവദിക്കുന്നതിന് വിവിധ ആഗോള പങ്കാളികളുമായി ചേർന്ന് വിസ നയങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ തന്നെ അമേരിക്കൻ പൗരന്മാർക്ക് അതിൽ മുൻഗണന ഉറപ്പാക്കേണ്ടതുണ്ട്. ലോകത്തെ ഏത് രാജ്യവും പിന്തുടരുന്ന സമാനമായ രീതിയാണിത്. ഓരോ രാജ്യവും സ്വന്തം ദേശീയ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
തൊഴിലാളികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം, അമേരിക്കയിൽ സൃഷ്ടിക്കപ്പെടുന്ന അവസരങ്ങൾ തദ്ദേശീയർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യം ബാധ്യസ്ഥരാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
അമേരിക്കയിൽ രണ്ടാം തവണയും ഡോണാൾഡ് ട്രംപ് ഭരണകൂടം അധികാരമേറ്റതിനു പിന്നാലെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഐ.ടി, മെഡിക്കൽ പ്രഫഷണലുകൾ വ്യാപകമായി ആശ്രയിക്കുന്ന എച്ച് വൺ ബി വിസകൾക്ക് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയതാണ് ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

