‘‘മോളേ, നിന്നെയൂട്ടാൻ ഒന്നുമില്ലായിരുന്നു’’ -കണ്ണീരൊടുങ്ങാതെ ഗസ്സയിൽ പട്ടിണി മൂലം മരിച്ച ബാലികയുടെ ഉമ്മ
text_fieldsഗസ്സ സിറ്റി: ‘‘നിനക്ക് വായിൽ വെച്ചുതരാൻ ഒന്നും കിട്ടിയില്ല, സങ്കടം സഹിക്കാൻവയ്യ. കൺമുന്നിൽ കണ്ണടക്കുന്നത് കണ്ടുനിൽക്കലല്ലാതെ വഴികളില്ലായിരുന്നു’’- പറയുന്നത് റസാൻ അബൂ സാഹിറിന്റെ മാതാവാണ്. മെലിഞ്ഞൊട്ടി, എല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്ന ബാലിക പോഷണക്കുറവ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ അനേകം പിഞ്ചു മക്കളിലൊരുവൾ മാത്രം.
നിരന്തരം ആട്ടിയോടിച്ചും അന്നം മുടക്കിയും അവശ്യ മെഡിക്കൽ സേവനം പോലും നിഷേധിച്ചുമായിരുന്നു ഇസ്രായേൽ ഭീകരത അവൾക്ക് മരണമൊരുക്കിയത്. സമീപകാലത്തായി ഗസ്സയിൽ മാത്രം പോഷണക്കുറവു മൂലം ചുരുങ്ങിയത് 66 കുഞ്ഞുങ്ങൾ മരിച്ചുവീണതായി റിപ്പോർട്ടുകൾ പറയുന്നു.
ഗസ്സയിലുടനീളം കുരുന്നുമക്കൾക്കുള്ള പോഷകാഹാരങ്ങൾക്കു പോലും കടുത്ത നിയന്ത്രണമാണ് ഇസ്രായേൽ തുടരുന്നത്. പ്രായം തികയാതെ പ്രസവിച്ച് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന 580 കുരുന്നുകൾ ഗസ്സ ആശുപത്രികളിൽ കഴിയുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
ഇന്നലെ തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ നസർ മെഡിക്കൽ കോംപ്ലക്സിൽ നടന്ന സംസ്കാര ചടങ്ങിൽ പോഷകാഹാരക്കുറവ് മൂലം മരിച്ച യഹ്യ ഫാദി അൽ-നജ്ജാർ എന്ന കുഞ്ഞിന്റെ മൃതദേഹം കൈയിലെടുത്ത് വിലപിക്കുന്ന മാതാവ് (Photo by AFP)
ജൂൺ മാസത്തിൽ ശരാശരി 112 കുട്ടികളെന്ന തോതിൽ ഓരോ ദിവസവും ആശുപത്രികളിലെത്തുന്നുണ്ടെന്ന് യു.എൻ റിപ്പോർട്ട് ചെയ്തിരുന്നു. കണക്കുകൾക്കൊപ്പം പട്ടിണിയിൽ വലയുന്ന കുരുന്നുകളുടെ ചിത്രങ്ങളും ലോകം കൺതുറന്നുകാണുന്നുണ്ടെങ്കിലും ഇസ്രായേലിന് ആയുധങ്ങൾ നൽകാൻ കാണിക്കുന്ന തിടുക്കം ഭക്ഷണമെത്തിക്കുന്നതിലോ ഉപരോധം അവസാനിപ്പിക്കുന്നതിലോ ലോകം കാട്ടുന്നില്ലെന്നാണ് പരാതി.
ഇസ്രായേൽ തുറന്ന സഹായ കേന്ദ്രങ്ങളാണ് സമീപ നാളുകളിൽ ഏറ്റവും കൂടുതൽ പേർക്ക് മരണമൊരുക്കുന്നത്. യു.എസ് സഹായത്തോടെ, ഇസ്രായേൽ സൈനിക നിരീക്ഷണത്തിൽ ഭക്ഷ്യവിതരണം നടത്തുന്ന ഈ കേന്ദ്രങ്ങളിലെത്തുന്നവർക്കു നേരെ വെടിവെപ്പിൽ ദിവസവും നിരവധിപേരാണ് കൊല്ലപ്പെടുന്നത്. ഞായറാഴ്ച മാത്രം 100ഓളം മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.