മൂന്നാം കുട്ടി; സർക്കാർ നയം തള്ളി ചൈനീസ് ജനത
text_fieldsബെയ്ജിങ്: രണ്ട്കുട്ടി മാത്രമെന്ന നിയന്ത്രണം അവസാനിപ്പിച്ച് ദമ്പതികൾക്ക് മൂന്നുകുട്ടികൾ വരെയാകാമെന്ന ചൈനീസ് സർക്കാറിെൻറ പുതിയ നയത്തോട് മുഖംതിരിച്ച് യുവാക്കൾ. കുട്ടികളെ വളർത്താനുള്ള ഭീമമായ ചെലവോർത്താണ് പലരും വിയോജിക്കുന്നത്.
2016ൽ ചൈന ഒറ്റക്കുട്ടി നയം അവസാനിപ്പിച്ചപ്പോഴും ഭൂരിഭാഗത്തിെൻറയും പ്രതികരണം ഇതേരീതിയിൽ തന്നെയായിരുന്നു. രണ്ടുകുട്ടികൾ തന്നെ അധികമാണെന്ന നിലപാടാണ് പലർക്കും. ഞങ്ങൾ ധനികരൊന്നുമല്ല, പോരാത്തതിന് വീട്ടിൽ ഇടവും കുറവാണ്. അതിനാൽ ഒരു കുട്ടിയെ കൂടി ഉൾക്കൊള്ളാൻ കഴിയില്ല-രണ്ടുകുട്ടികളുടെ പിതാവായ 29കാരൻ യാങ് ഷെങ്യി പ്രതികരിച്ചു. രണ്ടാമത്തെ കുട്ടിയുണ്ടായപ്പോൾ ആദ്യകുട്ടിയുടെ ആവശ്യങ്ങൾ ഗണ്യമായി വെട്ടിച്ചുരുക്കേണ്ടി വന്നു.
ചൈന മൂന്നുകുട്ടി നയം അവതരിപ്പിച്ചപ്പോൾ തൊട്ട് ഇനി മുതൽ മൂന്നു ഡെക്കർ കട്ടിലിന് ഡിസ്കൗണ്ട് ലഭിക്കും എന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ ട്രോളുകളുടെ ഒഴുക്കാണ്. അതെസമയം, നിയമം അവതരിപ്പിക്കാൻ ചൈനീസ് സർക്കാർ സമയം വൈകിപ്പോയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒറ്റക്കുട്ടി, അല്ലെങ്കിൽ കുട്ടികളില്ലാതിരിക്കുക-ഈ സാമൂഹിക ചട്ടക്കൂട്ടിലാണ് ചൈനീസ് ജനത ഇപ്പോൾ ജീവിക്കുന്നത്. അതിനാൽ കുട്ടികളെ വളർത്താൻ സാമ്പത്തിക സഹായം, അവർക്ക് സൗജന്യ വിദ്യാഭ്യാസം, ഹൗസിങ് സബ്സിഡി എന്നിവ കൂടി നൽകാൻ സർക്കാർ സന്നദ്ധമാകണമെന്നും വിസ്കോൺസിൻ-മാഡിസൺ യൂനിവേഴ്സിറ്റി സയൻറിസ്റ്റ് യി ഫുക്സിയൻ ചൂണ്ടിക്കാട്ടി.
തൊഴിലിടങ്ങളിലെ അസമത്വം സ്ത്രീകളെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കയാണ്. തൊഴിൽ സമയം കഴിഞ്ഞ് വീട്ടിലെത്തി കുട്ടികളെ സംരക്ഷിക്കാൻ അവർക്ക് സമയം വേണ്ടത്രയില്ല. ശമ്പളത്തിന് ഒരാളെ വെക്കാമെന്ന് വിചാരിച്ചാൽ അതിനുള്ള സാമ്പത്തിക പ്രാപ്തിയുമില്ല. കൂടുതൽ കുട്ടികളുണ്ടായാൽ ജോലി ചെയ്യാതെ അവരെയും നോക്കി വീട്ടിലിരിക്കേണ്ടി വരും-ഇതൊക്കെയാണ് സ്ത്രീകളെ കൂടുതൽ കുട്ടികളെന്ന ആഗ്രഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. ഈ മാസാദ്യമാണ് ജനനനിരക്കിൽ കുറവു കണ്ടതിനെ തുടർന്നും യുവാക്കളുടെ എണ്ണം കുറഞ്ഞതിനെ തുടർന്നും ദമ്പതികൾക്ക് മൂന്നുകുട്ടികൾ വരെയാകാമെന്ന നിയമം കൊണ്ടുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.