ഹമാസിന്റെ തിരിച്ചടി; ഗസ്സയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
text_fieldsകൊല്ലപ്പെട്ട ഇസ്രായേൽ സൈനികർ
ഗസ്സ: ഗസ്സയിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതിനിടെ ഹമാസിന്റെ തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പിലെ തങ്ങളുടെ ടാങ്കിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ മൂന്നുപേർ മരിച്ചതായി ഹമാസ് അറിയിച്ചു.
യുദ്ധ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് സൈനികർ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചു. ഷോഹാം മെനാഹേം (21), ഷ്ലോമോ യാക്കിർ ശ്രേം (20), യൂലി ഫാക്ടർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച ഹമാസ് തിരിച്ചടിയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. വടക്കൻ ഗസ്സയിലെ ബയ്ത്ത് ഹാനൂനിൽ റോഡരികിൽ ഹമാസ് സ്ഥാപിച്ച ബോംബ് പൊട്ടിയാണ് കൊല്ലപ്പെട്ടത്. 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഷിമോൻ അമാർ, മോശെ നിഷിം ഫ്രഞ്ച്, ബിന്യമിൻ അസുലിൻ, നോം അഷറോൺ മുസ്ഗാദിൻ, മോഷെ ഷ്മുവൽ നോൾ എന്നിവരാണ് മരിച്ചത്.
അതേസമയം, ഗസ്സയിൽ അഭയാർഥി ക്യാമ്പ് ആക്രമിച്ച് കൂട്ടക്കൊല നടത്തിയ ഇസ്രായേൽ അയൽരാജ്യങ്ങളായ ലബനാനിലും സിറിയയിലും ബോംബുവർഷിച്ചു. ഗസ്സയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 24 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കിഴക്കൻ ലബനാനിൽ ബികാ താഴ്വരയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ 12 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൂസുകളും ബിദൂനി വിഭാഗവും തമ്മിൽ സംഘർഷം നടക്കുന്ന സിറിയയിലെ സുവൈദയിലാണ് ഇസ്രായേൽ ബോംബിട്ടത്.
അതിനിടെ, വടക്കൻ ഗസ്സയിൽ 16 ഇടങ്ങളിൽ കൂടി ഇസ്രായേൽ കൂട്ടകുടിയൊഴിപ്പിക്കൽ ഉത്തരവിറക്കി. പതിനായിരങ്ങൾ കഴിയുന്ന ജബാലിയ അഭയാർഥി ക്യാമ്പും ഒഴിയണമെന്നാണ് ഭീഷണി.
ഗസ്സ വെടിനിർത്തൽ ചർച്ചകൾ ഇപ്പോഴും തുടരുന്നുവെന്നും എന്നാൽ, പ്രാഥമിക ഘട്ടത്തിലാണെന്നും മധ്യസ്ഥരായ ഖത്തർ വ്യക്തമാക്കി. ഇസ്രായേൽ, ഹമാസ് പ്രതിനിധികൾ ഇപ്പോഴും ദോഹയിലുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അതേ സമയം, റഫയിൽ ഇസ്രായേൽ നിർമിക്കുന്ന അഭയാർഥി ക്യാമ്പിൽ ആദ്യ ഘട്ടത്തിൽ ആറു ലക്ഷം ഫലസ്തീനികളെ പാർപ്പിക്കുമെന്നാണ് ഇസ്രായേൽ നിർദേശം. വെടിനിർത്തൽ നടപ്പായി ആദ്യ ഘട്ടത്തിലാകും ഇവരെ ഇവിടെ പാർപ്പിക്കുക. പിന്നീട്, മൊത്തം 20 ലക്ഷം ഫലസ്തീനികളെയും ഇവിടെയെത്തിക്കാനാണ് പദ്ധതി. ഗസ്സയുടെ മറ്റു ഭാഗങ്ങൾ പൂർണമായി ജനവാസ മുക്തമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ- ജൂലൈ കാലയളവിൽ മാത്രം 12,800 കെട്ടിടങ്ങൾ ഇസ്രായേൽ ബോംബിട്ട് തകർത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.