വ്യാപാര യുദ്ധം മുറുക്കി ട്രംപ്; 14 രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ
text_fieldsവാഷിങ്ടൺ: തീരുവയുദ്ധം രൂക്ഷമാക്കി സഖ്യരാജ്യങ്ങളായ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയടക്കം 14 രാജ്യങ്ങൾക്കെതിരെ തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
തീരുവ അറിയിച്ച് വിവിധ രാഷ്ട്രത്തലവന്മാർക്കുള്ള കത്തും തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ നൽകിയിട്ടുണ്ട്. പ്രതികാരമായി യു.എസിനെതിരെ പുതിയ തീരുവ ചുമത്തിയാൽ പ്രഖ്യാപിച്ചതിനു പുറമെ അത്രയും അധികമായി ഈടാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ആഗസ്റ്റ് ഒന്നിനാണ് പുതിയ തീരുവ നിലവിൽവരുക.
അലൂമിനിയം, ഉരുക്ക് അടക്കം നേരത്തേ നടപ്പാക്കിയവക്കു പുറമെയാണ് പുതിയ പ്രഖ്യാപനം. രാജ്യങ്ങളുമായി കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച തീരുവ യുദ്ധം ജൂലൈ ഒമ്പതിന് അവധിയെത്താനിരിക്കെയാണ് നടപ്പാക്കുന്നത് നീട്ടിയും 14 രാജ്യങ്ങൾക്ക് കത്തയച്ചും ട്രംപിന്റെ പുതിയ നീക്കം.
ദക്ഷിണാഫ്രിക്കക്കും ജപ്പാനും 25 ശതമാനം നികുതി ചുമത്തിയപ്പോൾ അയൽരാജ്യമായ ബംഗ്ലാദേശിൽനിന്നുള്ള എല്ലാ ഉൽപന്നങ്ങൾക്കും 35 ശതമാനം തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, കസാഖ്സ്താൻ, മലേഷ്യ, സെർബിയ, ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, ലാവോ, തുനീഷ്യ, ബോസ്നിയ ഹെർസഗോവിന എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഏപ്രിൽ രണ്ടിനാണ് ഇന്ത്യയടക്കം രാജ്യങ്ങൾക്കുമേൽ തീരുവ പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയത്. കനത്ത സമ്മർദത്തെ തുടർന്ന് നടപ്പാക്കുന്നത് മൂന്നു മാസം നീട്ടി.
ഇതിനകം അമേരിക്കയുമായി പുതിയ വ്യാപാര കരാറിലെത്തണമെന്നും ജൂലൈ ഒമ്പതിന് അവധി അവസാനിക്കുംമുമ്പ് കരാറിലെത്താത്ത രാജ്യങ്ങൾക്കുമേൽ തീരുവ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. ഇനിയും ചർച്ചകൾക്ക് അവസരമുണ്ടെന്നും രാജ്യങ്ങൾക്കയച്ച കത്തിൽ പറയുന്നു. ട്രംപിന്റെ പ്രഖ്യാപനമെത്തിയതോടെ അമേരിക്കയുമായി കരാറിലെത്താൻ താൽപര്യമറിയിച്ച് രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. 3400 കോടി ഡോളറിന്റെ അമേരിക്കൻ ധാന്യങ്ങളും ഇന്ധനവും വാങ്ങാമെന്ന് ഇന്തോനേഷ്യ അറിയിച്ചു. അമേരിക്കൻ നിർമിത വിമാനങ്ങൾ കൂടുതൽ വാങ്ങുന്നതിനൊപ്പം വ്യാപാര നിയന്ത്രണങ്ങൾ എടുത്തുകളയാമെന്ന് തായ്ലൻഡ് വ്യക്തമാക്കി.
വരുന്ന രണ്ടു പതിറ്റാണ്ടിനിടെ കൂടുതൽ പ്രകൃതിവാതകം വാങ്ങാൻ ജപ്പാനും സന്നദ്ധത അറിയിച്ചു. ആഗസ്റ്റ് ഒന്നിന് പുതിയ തീരുവ പ്രാബല്യത്തിലാകുന്നതോടെ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് തീരുവ 4.8 ശതമാനമായിരുന്നത് 27 ശതമാനമായി ഉയരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.