തീരുവ പ്രശ്നം പരിഹരിക്കുംവരെ ഇന്ത്യയുമായി ചർച്ചക്കില്ലെന്ന് ട്രംപ്
text_fieldsന്യൂയോർക്: തീരുവ പ്രശ്നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി വ്യാപാര ചർച്ചകൾക്കുള്ള സാധ്യത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇന്ത്യക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ചതിനാൽ വ്യാപാര ചർച്ചകൾ ഊർജിതമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച 25 ശതമാനം തീരുവ ആഗസ്റ്റ് ഏഴിന് നിലവിൽ വന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഏർപ്പെടുത്തിയ 25 ശതമാനം തീരുവ ആഗസ്റ്റ് 27നാണ് നിലവിൽ വരുക. ഇന്ത്യ-യു.എസ് വ്യാപാര കരാറിനുള്ള അഞ്ചുവട്ട ചർച്ചകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. തുടർ ചർച്ചകൾക്കായി അമേരിക്കൻ സംഘം ഈ മാസം 25ന് ഇന്ത്യയിൽ എത്താനിരിക്കേയാണ് ട്രംപിെന്റ പ്രതികരണം.
അതേസമയം, യു.എസ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചയിൽ കാൽ ശതമാനത്തിലേറെ കുറവ് വരുത്തുമെന്ന് പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മൂഡീസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം ജി.ഡി.പി വളർച്ച 0.3 ശതമാനം കുറഞ്ഞ് ആറ് ശതമാനത്തിലെത്തുമെന്നാണ് പ്രവചനം.
എന്നാൽ, ശക്തമായ ആഭ്യന്തര വിപണിയും സേവന മേഖലയുടെ ശക്തിയും സമ്മർദം ലഘൂകരിക്കുമെന്നും മൂഡീസ് അഭിപ്രായപ്പെട്ടു. പകരച്ചുങ്കം യു.എസിലേക്കുള്ള ഇന്ത്യയുടെ 55 ശതമാനം കയറ്റുമതിയെ നേരിട്ട് ബാധിച്ചേക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.