ഞങ്ങൾ ഹമാസുമായി തീവ്ര ചർച്ചയിലാണ് -ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്ക ഹമാസുമായി വളരെ തീവ്രമായ ചർച്ചയിലാണെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബന്ദികളെ പിടിച്ചുവെക്കുന്നത് തുടർന്നാൽ സ്ഥിതി ദുഷ്കരവും മോശവുമാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
എല്ലാവരെയും പുറത്തു വിടൂ എന്നാണ് ഞങ്ങൾ പറഞ്ഞത്. ഇപ്പോൾ തന്നെ എല്ലാവരെയും പുറത്തു വിടൂ. അവർക്ക് വളരെ നല്ല കാര്യങ്ങൾ സംഭവിക്കും, പക്ഷേ നിങ്ങൾ എല്ലാവരെയും മോചിപ്പിച്ചില്ലെങ്കിൽ അത് ദുഷ്‌കരമായ സാഹചര്യമായിരിക്കും, അത് വളരെ മോശമായിരിക്കും. ഹമാസ് ചില നല്ല കാര്യങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.
2023 ഒക്ടോബറിലാണ് ഇസ്രായേലിൽനിന്ന് ഹമാസ് 250 പേരെ ബന്ദിയാക്കി ഗസ്സയിലേക്ക് കൊണ്ടുപോയത്. പലഘട്ടങ്ങളായി വിട്ടയച്ച് ഇപ്പോൾ 50 ബന്ദികളാണ് ഗസ്സയിലുള്ളത്. ഇതിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. ഗസ്സയിൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങണമെന്നുമാണ് ഹമാസ് ആവശ്യപ്പെടുന്നത്.
അതേസമയം, ഗസ്സയിലേക്ക് ഭക്ഷണവും മാനുഷിക സഹായവുമായി പുറപ്പെടാനൊരുങ്ങുന്ന ‘ഗ്ലോബൽ സുമുദ് ഫ്ലോട്ടില’യിൽ താനുമുണ്ടാകുമെന്ന് നെൽസൻ മണ്ടേലയുടെ പേരമകൻ മൻഡ്‍ല മണ്ടേല അറിയിച്ചു. രണ്ട് വർഷത്തോടടുക്കുന്ന ഗസ്സയിലെ വംശഹത്യ അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർ അനുഭവിച്ച വർണ്ണവിവേചനത്തേക്കാൾ ഭീകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗസ്സയിൽ ഇസ്രായേൽ ഇന്നലെ കൊലപ്പെടുത്തിയത് ഏഴ് കുട്ടികളടക്കം 50 പേരെ
വെള്ളിയാഴ്ച മാത്രം ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഏഴ് കുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ വരെ ഇസ്രായേലിന്റെ ആക്രമണം തുടർന്നു. ഫലസ്തീൻ വീടുകൾക്ക് നേരെ മാരകമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗസ്സ സിറ്റിയിലെ ബഹുനില കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തി. ഇസ്രായേൽ നടത്തുന്ന ആക്രമണം ഫലസ്തീനികൾക്കിടയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.