Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരിച്ചടിച്ച് ഇറാൻ; കനത്ത പ്രഹരം ഏൽപ്പിക്കുമെന്ന് ട്രംപിന്‍റെ ഭീഷണി: പശ്ചിമേഷ്യ വീണ്ടും പുകയുന്നു

text_fields
bookmark_border
തിരിച്ചടിച്ച് ഇറാൻ; കനത്ത പ്രഹരം ഏൽപ്പിക്കുമെന്ന് ട്രംപിന്‍റെ ഭീഷണി: പശ്ചിമേഷ്യ വീണ്ടും പുകയുന്നു
cancel

വാഷിങ്ടൺ/തെഹ്റാൻ: ഒരു മാസത്തെ ഇടവേളക്കുശേഷം ഹുർമുസിൽ കനത്ത ആക്രമണം നടത്തിയ യു.എസ്, ഇറാനെതിരെ നിലപാട് കടുപ്പിക്കുന്നു. ഇറാനിയൻ ആക്രമണങ്ങൾക്ക് മറുപടി നൽകുമെന്നും ശക്തമായി പ്രഹരിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഹുർമുസിലെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെയുള്ള ആക്രമണത്തിന് തിരിച്ചടിയായി ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത ഭീഷണി. ഇതിന് പിന്നാലെ ഇറാനെതിരെ എല്ലാ സാധ്യതകളും അമേരിക്ക പരിശോധിച്ചുവരികയാണെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ഹുർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കയുടെ എംക്യു-9 (MQ-9) റീപ്പർ ഡ്രോൺ തങ്ങൾ വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.

ഇറാനെതിരെ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാനുള്ള നീക്കത്തിലാണ് അമേരിക്കയെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൂചിപ്പിച്ചു. ഇറാനെ ചർച്ചക്ക് പ്രേരിപ്പിക്കുക എന്നതാണ് ഇത്തരം ഉപരോധ നടപടികളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പുതിയ ആക്രമണങ്ങൾ പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്കുള്ള തിരിച്ചുവരവിനെ സൂചിപ്പിക്കുന്നില്ലെന്ന് ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമ്പദ്‌വ്യവസ്ഥയും സൈന്യവും ഗുരുതരമായി തകർന്ന ഒരു “പരാജയപ്പെട്ട രാഷ്ട്രം” എന്നാണ് അദ്ദേഹം ഇറാനെ വിശേഷിപ്പിച്ചത്. “അതിനർത്ഥം ഞങ്ങൾ അവരെ അടിക്കില്ലെന്നല്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം” എന്നും ട്രംപ് പറഞ്ഞു. ജൂലൈയിലെ രാത്രികാല ആക്രമണത്തിന് ശേഷമാണ് ആദ്യമായാണ് ഇറാനെതിരെ യു.എസ് വീണ്ടും ആക്രമണം നടത്തുന്നത്.

ഫെബ്രുവരി 28നാണ് “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” എന്ന പേരിൽ ഇറാനെതിരെ യു.എസും സഖ്യകക്ഷികളും ചേർന്ന് ആക്രമണം ആരംഭിച്ചത്. പിന്നീട് ഏപ്രിൽ എട്ടിന് വെടിനിർത്തൽ പ്രഖ്യാപിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരുപക്ഷവും ജൂണിൽ ഇടക്കാല ധാരണയിലെത്തിയിരുന്നു. എന്നാൽ ഹോർമുസിൽ യു.എസ് ധാരണ തെറ്റിച്ചതോടെ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങി. ഇത് ജൂലൈയിൽ രണ്ടാഴ്ചത്തെ യു.എസ് ബോംബാക്രമണം ഉൾപ്പെടെയുള്ള ആവർത്തിച്ചുള്ള വെടിവയ്പ്പുകൾക്ക് കാരണമായി. പിന്നീട് സാമ്പത്തിക ഉപരോധത്തിലായിരുന്നു യു.എസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹുർമുസിന്റെ നിയന്ത്രണം അവകാശപ്പെട്ട് ഇരുവിഭാഗവും രംഗത്തെത്തിയിരിക്കുകയാണ്.

ഈ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം ചർച്ചകൾ നടത്തി. പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇറാൻ തയ്യാറാണെന്ന് ഉച്ചകോടിക്കിടെ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump vows to strike Iran hard after first clash in month
Next Story