ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടി; തീരുവകളിൽ പലതും നിയമവിരുദ്ധമെന്ന് യു.എസ് കോടതി
text_fieldsഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മറ്റ് രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവകളിൽ പലതും നിയമവിരുദ്ധമെന്ന് വിധിയുമായി യു.എസ് കോടതി. ഫെഡറൽ അപ്പീൽ കോടതിയുടേതാണ് വിധി. വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് കോടതി ഉത്തരവ്.
നേരത്തെ ഡോണാൾഡ് ട്രംപിന് അനിനിയന്ത്രിതമായി തീരുവ ചുമത്താൻ അധികാരമില്ലെന്ന് കീഴ്കോടതി വിധിച്ചിരുന്നു. തുടർന്ന് ഈ വിധിക്കെതിരെ ട്രംപ് അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. ട്രംപിന്റെ വ്യാപാരനയങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ് അപ്പീൽ കോടതിയിൽ നിന്നുണ്ടായ ഉത്തരവ്.
1970ലെ നിയമത്തെ കൂട്ടുപിടിച്ചാണ് ഡോണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നത്. എമർജൻസി ഇക്കണോമിക് പവർ ആക്ട് പ്രകാരമാണ് ട്രംപിന്റെ നടപടികളെല്ലാം. എന്നാൽ, വിവിധ രാജ്യങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ മാത്രമാണ് ഈ നിയമം ഉപയോഗിക്കാൻ കഴിയുക എന്നാണ് വിലയിരുത്തൽ.
അതേസമയം, നിലവിലുള്ള താരിഫുകൾ ഒഴിവാക്കിയാൽ അത് സമ്പദ്‍വ്യവസ്ഥയിൽ വലിയ തിരിച്ചടികളുണ്ടാക്കുമെന്ന് ട്രംപ് ഭരണകൂടം കോടതിയിൽ വാദിച്ചു. യു.എസ് കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാക്കൾ വിവിധ രാജ്യങ്ങളുമായി യു.എസ് ഉണ്ടാക്കിയ കരാറുകളുടെ ഭാവിയിൽ ആശങ്കപ്രകടിപ്പിച്ചിരുന്നു. ഇതിൽ യുറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിന്റെ ഭാവി സംബന്ധിച്ചാണ് അവർ പ്രധാനമായും ആശങ്ക പ്രകടിപ്പിച്ചത്.
കോടതി വിധിക്ക് പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെ പ്രതികരണവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇന്ന് കോടതി നമ്മുടെ താരിഫ് പൂർണമായും ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ ചെയ്താൽ അമേരിക്കയെ സംബന്ധിച്ചടുത്തോളം അതൊരു ദുരന്തമായിരിക്കും. കോടതി നടപടികൾക്കൊടുവിൽ അന്തിമമായി വിജയം അമേരിക്കക്ക് തന്നെയായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, യു.എസ് സുപ്രീംകോടതിയിൽ കേസെത്തുമ്പോൾ ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിക്കുന്ന നിരവധിപേരുണ്ട്. പല ഗവേഷകർക്കും നിയമവിദഗ്ധരും പ്രവചിക്കുന്നത് ട്രംപിന് കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്നാണ്.
നേരത്തെ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ ബുധനാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. ഈ മാസം ഏഴിന് ചുമത്തിയ 25 ശതമാനം പകരത്തീരുവക്ക് പുറമേയാണ് ഇത്. ഇതോടെ, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയരും.
ചെമ്മീൻ, വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകൾക്ക് കനത്ത തിരിച്ചടിയാണ് പിഴത്തീരുവ. അമേരിക്കയിലേക്കുള്ള ഏഴര ലക്ഷം കോടി രൂപയുടെ ഇന്ത്യൻ കയറ്റുമതിയിൽ പകുതിയും അധിക തീരുവയുടെ കീഴിൽ വരും. മരുന്നുകൾ, ഇലക്ട്രോണിക്സ്, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവക്ക് പിഴത്തീരുവ ബാധകമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.