'ആഴ്ചകള്‍ക്കുള്ളില്‍ ഇറാന് ആണവായുധങ്ങള്‍ നിര്‍മിക്കാൻ കഴിയും'; മുൻ നിലപാട് മാറ്റി ഗബ്ബാഡ്
text_fieldsവാഷിങ്ടൺ: ഇറാൻ ആഴ്ചകൾക്കകം ആണവായുധമുണ്ടാക്കുമായിരുന്നുവെന്നാണ് അമേരിക്കയുടെ വിശ്വാസമെന്ന് യു.എസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാഡ് പറഞ്ഞു. നേരത്തേ ഇതുസംബന്ധിച്ച് ഇവർ പറഞ്ഞ കാര്യം തിരുത്തിയാണ് ഇറാനെതിരെ തിരിഞ്ഞത്.
ഇറാൻ ആണവായുധം നിർമിക്കുന്നില്ലെന്ന് തന്റേതായി വന്ന പ്രസ്താവന, സംസാരത്തിൽനിന്ന് ഭാഗികമായി അടർത്തിയെടുത്തതാണെന്ന് അവർ പറഞ്ഞു. ഇറാൻ അനുകൂലമെന്ന് തോന്നിക്കുന്ന പ്രസ്താവന നടത്തിയതിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗബ്ബാഡിനെ തള്ളിയിരുന്നു.
ഇറാനെ ഇത്തരം ആയുധമുണ്ടാക്കാൻ അനുവദിക്കില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായത്തോട് യോജിപ്പാണെന്ന് ഗബ്ബാഡ് ‘എക്സി’ൽ കുറിച്ചു. സത്യസന്ധതയില്ലാത്ത മാധ്യമങ്ങൾ വ്യാജവാർത്തയുണ്ടാക്കുകയാണ്. ഭരണത്തിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് വരുത്തലാണ് ലക്ഷ്യം -അവർ വ്യക്തമാക്കി.
യു.എസ് ഇന്റലിജൻസ് വിഭാഗം ഇറാൻ ആണവായുധം നിർമിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നാണ് മാർച്ചിൽ ഗബ്ബാഡ് കോൺഗ്രസ് മുമ്പാകെ പറഞ്ഞത്. കഴിഞ്ഞ ദിവസം, ഗബ്ബാഡ് ഇക്കാര്യത്തിൽ പറഞ്ഞത് ശരിയല്ലെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ട്രംപ് ഗബ്ബാഡിനെ തള്ളുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.