‘യുദ്ധത്തിന് തീ കൊളുത്തിയത് ഇസ്രായേൽ, സമാധാന ശ്രമങ്ങൾ അട്ടിമറിച്ചു’; രൂക്ഷ വിമൾശനവുമായി തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ
text_fieldsഅങ്കാറ: മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾക്ക് തീ കൊളുത്തുകയും പ്രാദേശിക സമാധാന ശ്രമങ്ങളെ ബോധപൂർവ്വം അട്ടിമറിക്കുകയും ചെയ്തത് ഇസ്രായേലാണെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇസ്രായേലിന്റെ തന്ത്രങ്ങളുടെയും പ്രകോപനങ്ങളുടെയും വലിയ വിലയാണ് ആഗോള സമ്പദ്‌വ്യവസ്ഥയും പ്രാദേശിക രാജ്യങ്ങളും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിൽ ജൂണിൽ ഒപ്പുവെച്ച 14 ഇന ഇസ്‍ലാമാബാദ് ധാരണാപത്രം അട്ടിമറിച്ചതിന് പിന്നിൽ ഇസ്രായേൽ നേതൃത്വമാണെന്നും, സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും അവർ തകർത്തു കളഞ്ഞെന്നും എക്സിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസ്താവനയിൽ ഉർദുഗാൻ കുറ്റപ്പെടുത്തി.
‘ഇറാനിലെ ജനങ്ങളും നമ്മുടെ സഹോദരങ്ങളായ ഗൾഫ് രാജ്യങ്ങളും മാത്രമല്ല, ഈ സംഘർഷത്തിൽ നേരിട്ട് പങ്കാളികളല്ലാത്തവരുൾപ്പെടെ എല്ലാവരും ഇസ്രായേലിന്റെ ഗൂഢാലോചനകളും പ്രകോപനങ്ങളും കാരണം ആരംഭിച്ച ഈ യുദ്ധത്തിന്റെ വില നൽകേണ്ടിവരുന്നുണ്ട്,’ കാബിനറ്റ് യോഗത്തിന് ശേഷം ഉർദുഗാൻ പറഞ്ഞു. സമാധാനത്തിനുള്ള ചെറിയൊരു സാധ്യതയെപ്പോലും തങ്ങൾക്ക് ഭീഷണിയായി കാണുന്ന ഈ തീവ്ര നിലപാടുകൾ മാറാതെ മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കാനാവില്ലെന്നും, നയതന്ത്ര ചർച്ചകളിലേക്ക് ഉടനടി തിരികെ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇറാൻ സർക്കാരിന്റെ പതനം അടുത്തെത്തിക്കഴിഞ്ഞെന്നും അതിജീവനത്തിനായി ആ രാജ്യം പാടുപെടുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അവകാശപ്പെട്ടു. ഞായറാഴ്ച നടന്ന ഒരു ഔദ്യോഗിക യോഗത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. തങ്ങളെ ആക്രമിക്കാൻ ഇറാൻ ബോധപൂർവ്വം വിട്ടുനിൽക്കുകയാണെന്നും, എന്നാൽ ഒരുപക്ഷേ അവർ അത്തരത്തിലുള്ള ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാൽ സങ്കൽപ്പിക്കാൻപോലും കഴിയാത്ത തിരിച്ചടിയാകും നേരിടേണ്ടിവരികയെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ മഹാശക്തിയാണ് ഇസ്രായേലെന്ന് വിശേഷിപ്പിച്ച നെതന്യാഹു, ഇറാൻ ഭരണകൂടത്തെ പൂർണമായി താഴെയിറക്കുക എന്നതാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും, അത് മിഡിൽ ഈസ്റ്റിന്റെ ചരിത്രം തന്നെ മാറ്റിയെഴുതുമെന്നും അവകാശപ്പെട്ടിരുന്നു.
ലബനാനിലെ സൈനിക നടപടികൾ ഉൾപ്പെടെ ഉടൻ അവസാനിപ്പിക്കാനും, 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള 14 ഇന ധാരണാപത്രം. യു.എസ് നാവിക ഉപരോധം പിൻവലിക്കൽ, ഹുർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം, ഘട്ടം ഘട്ടമായുള്ള ഉപരോധ ഇളവുകൾ, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ മോചിപ്പിക്കൽ, ഇറാനായി കുറഞ്ഞത് 300 ബില്യൺ ഡോളറിന്റെ യു.എസ് പിന്തുണയുള്ള സാമ്പത്തിക വികസന പദ്ധതി എന്നിവയും ഈ കരാറിലുണ്ടായിരുന്നു. എന്നാൽ ധാരണാപത്രം നിലവിൽ വന്നതിന് ശേഷവും ഇസ്രായേൽ ലബനാനിലേക്കുള്ള സൈനിക നടപടികൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

