ഗസ്സയിലെ ക്രൂരത അതിക്രമിച്ചു; യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആവശ്യവുമായി വൻശക്തിരാജ്യങ്ങൾ
text_fieldsrepresentation image
ലണ്ടൻ: പട്ടിണിക്കിട്ടും, വിശപ്പകറ്റാൻ കാത്തിരിക്കുന്നവർക്കുമേൽ ബോംബ് വർഷിച്ചും, മാനുഷിക സഹായങ്ങൾക്ക് ഉപരോധമേർപ്പെടുത്തിയും ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വൻശക്തി രാജ്യങ്ങൾ. ഇസ്രായേലിന്റെ അടുത്ത സൗഹൃദ രാജ്യങ്ങൾ ഉൾപ്പെടെ 25 രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിലൂടെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രേലിയ, കാനഡ എന്നിവർക്കുപുറമെ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.
ഗസ്സയിലെ ജനങ്ങളുടെ അന്തസ്സും, മാനുഷികതയും തകർക്കുന്ന ഇസ്രായേലിന്റെ സഹായ വിതരണ മാതൃകയെയും ശക്തമായ ഭാഷയിൽ അപലപിച്ചു. സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് തുടരുന്ന ഇസ്രായേൽ ആക്രമണത്തിന്റെ ഫലമായി സാധാരണക്കാരുടെ ദുരിതം പുതിയ തലത്തിലേക്ക് മാറിയതായും വ്യക്തമാക്കി.
സൈപ്രസ്, ഡെന്മാർക്, ഇസ്തോണിയ, ഫിൻലാൻഡ്, ഐസ്‍ലാൻഡ്, അയർലൻഡ്, ഇറ്റലി, ഗ്രീസ്, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്സ്, ന്യൂസിലൻഡ്, പോളണ്ട്, പോർചുഗൽ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും ഇസ്രായേൽ യുദ്ധവെറിയെ അപലപിക്കുന്ന പ്രസ്താവനയിൽ ഒപ്പുവെച്ചു.
2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഗസ്സയിലെ ഇസ്രായേൽ ആക്രമണം 21 മാസവും പിന്നിട്ട് തുടരുന്നതിനിടെയാണ് ലോകരാജ്യങ്ങളിൽ നിന്ന് ശക്തമായ പ്രതികരണം ഉയരുന്നത്. യു.എൻ ഉൾപ്പെടെ അന്താരാഷ്ട്ര ഏജൻസികളുടെ ആവശ്യങ്ങളും ലംഘിച്ചുകൊണ്ട് തുടരുന്ന ആക്രമണങ്ങളിൽ ഇതിനകം 59,029 പേർ കൊല്ലപ്പെട്ടു. 1.42 ലക്ഷം പേർക്കാണ് പരിക്കേറ്റത്. പട്ടിണി മാറ്റാൻ ഭക്ഷണം കാത്തിരിക്കുന്നവരെയും അധിനിവേശ സേന ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. മേയ് മാസം മുതൽ ഇത്തരം കേന്ദ്രങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങളിൽ 875 പേരാണ് കൊല്ലപ്പെട്ടത്.
സമ്പൂർണ ഉപരോധം ഏർപ്പെടുത്തി, ഇസ്രായേൽ നേതൃത്വത്തിൽ നടത്തുന്ന സഹായ വിതരണം അപകടകരമായ മാതൃകയാണെന്നും വൻശക്തി രാജ്യങ്ങൾ വ്യക്തമാക്കി. ഗസ്സയിലെ 20 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയ നടപടി, ഭക്ഷ്യ-ഇന്ധന ക്ഷാമവും, ജനങ്ങളുടെ അന്തസ്സിനെ വെല്ലുവിളിക്കുന്നതാണെന്നും സന്ദേശത്തിൽ ചൂണ്ടികാട്ടി. യുദ്ധം അടിയന്തിരമായ അവസാനിപ്പിക്കാനും, ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളെത്തിക്കാനും, ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടയക്കാനും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, ബ്രിട്ടൻ ഉൾപ്പെടെ വൻശക്തി രാജ്യങ്ങളുടെ അപലപനത്തെ ഇസ്രായേൽ തള്ളി. ഹമാസിനെ പിന്തുണക്കുന്നും, യാഥാർത്ഥ്യബോധമില്ലാത്തതുമാണ് വൻശക്തിരാജ്യങ്ങളുടെ പ്രതികരണമെന്ന് ഇസ്രായേൽ വ്യക്തമാക്കി.
സഹായ വിതരണ കേന്ദ്രങ്ങളിൽ കാത്തിരിക്കുന്നവർക്കെ് നേരെ നടക്കുന്ന വെടിവെപ്പിൽ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്. റഫക്ക് വടക്കുള്ള സഹായകേന്ദ്രത്തിന് സമീപത്തെ ആക്രമണത്തിൽ തിങ്കളാഴ്ച അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.