ഇന്ത്യയെ സുരക്ഷിത പട്ടികയിൽ ഉൾപ്പെടുത്താനൊരുങ്ങി ബ്രിട്ടൻ
text_fieldsലണ്ടൻ: സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്താനുള്ള നടപടിയുമായി ബ്രിട്ടീഷ് സർക്കാർ. അനധികൃതമായി ബ്രിട്ടനിലെത്തുന്നവരെ അതിവേഗം തിരിച്ചയക്കുന്നതിനൊപ്പം അഭയം തേടുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നതുമാണ് നടപടി.
കഴിഞ്ഞ ദിവസം പൊതുസഭയിൽ അവതരിപ്പിച്ച കരട് ബില്ലിൽ ഇന്ത്യക്കൊപ്പം ജോർജിയയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലുണ്ട്. രാജ്യത്തെ കുടിയേറ്റ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വ്യാജ അവകാശവാദങ്ങളിലൂടെ കുടിയേറ്റ സമ്പ്രദായം ദുരുപയോഗിക്കുന്നത് തടയാനും നിയമം ഉപകരിക്കുമെന്ന് യു.കെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിസ്ഥാനപരമായി സുരക്ഷിതമായ രാജ്യങ്ങളിൽനിന്ന് അപകടകരവും നിയമവിരുദ്ധവുമായ മാർഗങ്ങളിലൂടെ ആളുകൾ ബ്രിട്ടനിൽ അഭയം തേടുന്നത് അവസാനിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാൻ പറഞ്ഞു. രാജ്യത്ത് കഴിയാൻ അവകാശമില്ലാത്തവരെ പുറത്താക്കാൻ പട്ടിക വിപുലപ്പെടുത്തുന്നത് സഹായിക്കും.
അനധികൃതമായി എത്തുന്നവർക്ക് രാജ്യത്ത് തുടരാൻ കഴിയില്ലെന്ന ശക്തമായ സന്ദേശവുമാണ് ഇത് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് ചാനലിലൂടെ അപകടകരമായ രീതിയിൽ അഭയാർഥികളെയും കൊണ്ടുള്ള ബോട്ടുകൾ ബ്രിട്ടന്റെ തീരങ്ങളിലെത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്. പീഡനം നേരിടാനുള്ള സാധ്യത ഇല്ലാതിരുന്നിട്ടും ഇന്ത്യയിൽനിന്നും ജോർജിയയിൽനിന്നുമുള്ള ചെറുബോട്ടുകൾ എത്തുന്നത് കഴിഞ്ഞ വർഷം വർധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.