റഷ്യൻ വെടിനിർത്തൽ വാഗ്ദാനം തള്ളി യുക്രെയ്ൻ
text_fieldsകിയവ്: രണ്ടാം ലോകയുദ്ധത്തിൽ നാസി ജർമനിക്കെതിരായ വിജയദിനത്തിന്റെ 80ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാനുള്ള റഷ്യൻ വാഗ്ദാനം തള്ളി യുക്രെയ്ൻ.
റഷ്യയുടെ ക്ഷണപ്രകാരം ഒമ്പതിന് റെഡ് സ്ക്വയർ പരേഡ് കാണാൻ എത്തുന്ന വിദേശ നേതാക്കൾക്ക് സുരക്ഷ ഉറപ്പ് നൽകാൻ കഴിയില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രദേശത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല. അവർ നിങ്ങൾക്ക് സുരക്ഷ നൽകും. ഞങ്ങൾ നിങ്ങൾക്ക് ഒരു ഉറപ്പും നൽകില്ല -സെലൻസ്കി പറഞ്ഞു.
അതിനിടെ, റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്നിൽ 47 പേർക്ക് പരിക്കേറ്റു. യുക്രെയ്ന്റെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാർകിവിന്റെ 12 മേഖലകളിലാണ് വെള്ളിയാഴ്ച രാത്രി ആക്രമണമുണ്ടായത്. ഭവന സമുച്ചയങ്ങളും പൊതു അടിസ്ഥാന സൗകര്യങ്ങളും വാഹനങ്ങളും ആക്രമണത്തിൽ തകർന്നതായി ഖാർകിവ് മേയർ ഇഹോർ തെരെഖോവ് പറഞ്ഞു. യു.എസുമായി യുക്രെയ്ൻ ധാതു കരാറിൽ ഒപ്പിട്ടതിന് പിന്നാലെയായിരുന്നു ആക്രമണം.
183 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും റഷ്യ പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഇതിൽ 77 ഡ്രോണുകൾ വെടിവെച്ചിട്ടതായും 73 എണ്ണം വഴിതെറ്റി നിലംപതിച്ചതായും അവർ അവകാശപ്പെട്ടു.
ആക്രമണത്തിന്റെ പിന്നാലെ, യു.എസിന്റെയും യൂറോപ്യൻ സഖ്യ കക്ഷികളുടെയും പിന്തുണ അഭ്യർഥിച്ച് സെലൻസ്കി രംഗത്തെത്തി. ലോകം തീരുമാനം എടുക്കാൻ മടിക്കുമ്പോൾ യുക്രെയ്നിലെ മിക്കവാറും എല്ലാ രാത്രികളും ജീവൻ അപഹരിക്കുന്ന പേടിസ്വപ്നമായി മാറിയതായി അദ്ദേഹം എക്സിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.