യുക്രെയ്ൻ യുദ്ധം: യു.എസ്–റഷ്യൻ ചർച്ച സൗദിയിൽ; യുക്രെയ്ന് ക്ഷണമില്ല
text_fieldsവാഷിങ്ടൺ: യു.എസ്, റഷ്യൻ ഉദ്യോഗസ്ഥർ തമ്മിലുള്ള യുക്രെയ്ൻ വെടിനിർത്തൽ ചർച്ചകൾ സൗദി അറേബ്യയിൽ നടക്കും. യു.എസിലെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയ്ട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, ചർച്ചയിലേക്ക് യുക്രെയ്നെ ക്ഷണിച്ചിട്ടില്ല. യൂറോപ്യൻ സൗഹൃദ രാജ്യങ്ങളുമായി കൂടിയാലോചിച്ചേ റഷ്യയുമായി ചർച്ചക്ക് തയാറാകൂവെന്ന് യുക്രെയ്ൻ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, സുരക്ഷ ഉപദേഷ്ടാവ് മൈക് വാറ്റ്സ്, പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് യു.എസിനെ പ്രതിനിധാനംചെയ്ത് ചർച്ചയിൽ പങ്കെടുക്കുക.
എന്നാൽ, ചർച്ചയിൽ പങ്കെടുക്കുന്ന റഷ്യൻ പ്രതിനിധികളുടെ പേര് പുറത്തുവിട്ടിട്ടില്ല. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ചക്ക് സാഹചര്യമൊരുക്കുകയും സമാധാന ഉടമ്പടി യാഥാർഥ്യമാക്കുകയുമാണ് ചർച്ചയുടെ പ്രധാന ലക്ഷ്യമെന്ന് യു.എസ് ജനപ്രതിനിധി സഭാംഗമായ മൈക്കൽ മകോൾ പറഞ്ഞു. ചർച്ചകൾ നടക്കുമെന്ന വിവരം യു.എസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രതികരിച്ചിട്ടില്ല.
ജനുവരി 20ന് പ്രസിഡന്റായി ചുമതലയേറ്റ ട്രംപ്, യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച അദ്ദേഹം പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയുമായും ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുണ്ട്.
യൂറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കിയാണ് സമാധാന ചർച്ചകൾ നടക്കുകയെന്നാണ് സൂചന. അതിനിടെ, പിന്തുണ തേടി യു.എ.ഇ, സൗദി, തുർക്കിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് അറിയിച്ച സെലൻസ്കി, യു.എസ് റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അധിനിവിഷ്ട യുക്രെയ്ൻ പ്രദേശങ്ങൾ വിട്ടുനൽകണമെന്നാണ് യുദ്ധം അവസാനിപ്പിക്കാൻ റഷ്യ മുന്നോട്ടുവെച്ച പ്രധാന ഉടമ്പടി. എന്നാൽ, അധിനിവിഷ്ട പ്രദേശങ്ങളിൽനിന്ന് റഷ്യ പിന്മാറണമെന്നും നാറ്റോ അംഗത്വം നൽകണമെന്നും യുക്രെയ്ൻ ആവശ്യപ്പെടുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.