ഗസ്സയിലേത് പൂർണമായും മനുഷ്യ നിർമിത ക്ഷാമമെന്ന് സ്ഥിരീകരിച്ച് ഐ.പി.സി; മരണനിരക്ക് ക്രമാതീതമായി ഉയരുമെന്നും റിപ്പോർട്ട്
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ ഏറ്റവും വലിയ നഗരത്തിലും പരിസര പ്രദേശങ്ങളിലും ‘പൂർണമായും മനുഷ്യനിർമിത’ ക്ഷാമമാണെന്നും തകർന്ന പ്രദേശത്തുടനീളം മരണനിരക്ക് ക്രമാതീതമായി വർധിക്കാൻ സാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ.
ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും പോഷകാഹാരക്കുറവിന്റെയും തീവ്രതയെ തരംതിരിക്കുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സംഘടനയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി), ക്ഷാമത്തിനുള്ള മൂന്ന് പ്രധാന മാനദണ്ഡങ്ങൾ ഗസ്സയിൽ സ്ഥിരീകരിച്ചു. 2004ൽ ഐ.പി.സി സ്ഥാപിതമായതിനുശേഷം നാലു ക്ഷാമങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവിടങ്ങളിലാണത്. ആഫ്രിക്കക്കു പുറത്ത് ക്ഷാമം ഐ.പി.സി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.
‘ ഗസ്സയിലെ ക്ഷാമം പൂർണമായും മനുഷ്യനിർമിതമാണ്. ഇത് നിർത്തലാക്കാനും തിരിച്ചുപിടിക്കാനും കഴിയും’- റിപ്പോർട്ട് പറയുന്നു. സംവാദത്തിന്റെയും ആലസ്യത്തിന്റേയും സമയം കഴിഞ്ഞു. നിലവിലെ പട്ടിണി അതിവേഗം പടരുകയാണ്. ഉടനടിയുള്ളതും വലിയ തോതിലുമുള്ളതുമായ ഇടപെടൽ ആവശ്യമാണെന്ന കാര്യത്തിൽ ആരും സംശയിക്കേണ്ട. ഇനിയും കൂടുതൽ കാലതാമസം, അത് ഏതാനും ദിവസങ്ങളായാൽ പോലും ഉണ്ടായാൽ ക്ഷാമവുമായി ബന്ധപ്പെട്ട മരണനിരക്ക് സങ്കൽപിക്കാനാവാത്ത തോതിൽ വർധിക്കുമെന്നും ഐ.പി.സി ചൂണ്ടിക്കാട്ടി. ഗസ്സ മുനമ്പിലേക്ക് കൂടുതൽ സഹായം അനുവദിക്കുന്നതിന് ഇസ്രായേലിന്മേലുള്ള സമ്മർദം വർധിപ്പിക്കൽ ഈ റിപ്പോർട്ട് ലക്ഷ്യമിടുന്നു.
സംയോജിത ഭക്ഷ്യസുരക്ഷാ ഘട്ട വർഗീകരണ സംവിധാനപ്രകാരം 514,000 ആളുകൾ -ഗസ്സാ നിവാസികളുടെ നാലിലൊന്ന് -ക്ഷാമം അനുഭവിക്കുന്നുണ്ടെന്നും സെപ്റ്റംബർ അവസാനത്തോടെ ഈ സംഖ്യ 6,41,000 ആയി ഉയരുമെന്നും പറഞ്ഞു. ഇവരിൽ 2,80,000 പേർ ഗസ്സ ഗവർണറേറ്റ് എന്നറിയപ്പെടുന്ന ഗസ്സ സിറ്റി ഉൾക്കൊള്ളുന്ന വടക്കൻ മേഖലയിലാണ്. അടുത്ത മാസം അവസാനത്തോടെ മധ്യ, തെക്കൻ പ്രദേശങ്ങളായ ദേർ അൽ ബലാഹ്, ഖാൻ യൂനിസ് എന്നിവിടങ്ങളിലേക്കും ക്ഷാമം വ്യാപിക്കുമെന്നും ആഗോള ഗ്രൂപ്പ് പ്രവചിച്ചു.
എന്നാൽ, ഹമാസ് നൽകിയ ഭാഗിക ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഐ.പി.സി സർവേ നടത്തിയതെന്നും അടുത്തിടെയുണ്ടായ ഭക്ഷണപ്രവാഹം കണക്കിലെടുത്തില്ലെന്നും പറഞ്ഞ് റിപ്പോർട്ട് തെറ്റാണെന്നും പക്ഷപാതപരമാണെന്നും ഇസ്രായേൽ തള്ളിക്കളഞ്ഞു. ഗസ്സയിൽ ക്ഷാമമില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒരു ദേശത്തെ ക്ഷാമബാധിത പ്രദേശമായി തരംതിരിക്കണമെങ്കിൽ കുറഞ്ഞത് 20ശതമാനം ആളുകളെങ്കിലും കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവരായിരിക്കണം. മൂന്ന് കുട്ടികളിൽ ഒരാൾക്ക് കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെടുകയും ഓരോ 10,000 പേരിൽ രണ്ട് പേർ ദിവസവും പട്ടിണി അല്ലെങ്കിൽ പോഷകാഹാരക്കുറവ്, രോഗം എന്നിവയാൽ മരിക്കുകയും വേണമെന്നാണ് ഇസ്രായേൽ വാദം.
എന്നാൽ, മാനുഷിക പ്രതിസന്ധി സങ്കൽപ്പിക്കാനാവാത്ത തലങ്ങളിൽ എത്തിയെന്ന് ബ്രിട്ടൻ, കാനഡ, ആസ്‌ട്രേലിയ, നിരവധി യൂറോപ്യൻ രാജ്യങ്ങൾ എന്നിവ പറഞ്ഞതിന് പിന്നാലെയാണ് ഐ.പി.സി വിശകലനം. ഗസ്സ ക്ഷാമം ‘മനുഷ്യ നിർമിത ദുരന്തം, ധാർമ്മിക കുറ്റപത്രം, മനുഷ്യത്വത്തിന്റെ തന്നെ പരാജയം’ എന്നിവയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പ്രസ്താവനയിൽ പറഞ്ഞു. അടിയന്തര വെടിനിർത്തൽ, ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കൽ, അനിയന്ത്രിതമായ മാനുഷിക പ്രവേശനം എന്നിവ അദ്ദേഹം ആവശ്യപ്പെട്ടു. ആളുകൾ പട്ടിണിയിലാണ്. കുട്ടികൾ മരിക്കുന്നു. നടപടിയെടുക്കേണ്ട കടമയുള്ളവർ പരാജയപ്പെടുന്നു. ശിക്ഷാനടപടികളില്ലാതെ ഈ സാഹചര്യം തുടരാൻ ഞങ്ങൾക്ക് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സ ക്ഷാമം ഇസ്രായേൽ സർക്കാർ നടപടികളുടെ നേരിട്ടുള്ള ഫലമാണെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു. പട്ടിണി മൂലമുള്ള മരണങ്ങൾ ഒരു യുദ്ധ കുറ്റകൃത്യമായി കണക്കാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗസ്സയിൽ നിരവധി ആളുകൾ പട്ടിണിയിലാണെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ മാസം പറഞ്ഞത്. പട്ടിണി ഇല്ലെന്ന് ആവർത്തിച്ച് പറയുകയും ഭക്ഷ്യക്ഷാമം സൃഷ്ടിച്ചതിന് ഹമാസിനെ കുറ്റപ്പെടുത്തുകയും ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇക്കാര്യത്തിൽ ട്രംപിനെ എതിർക്കുകയുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.