വലുപ്പച്ചെറുപ്പങ്ങളുടെ കാലം കഴിഞ്ഞു; ലോകഭൂപടത്തിലെ അസമത്വങ്ങൾ തിരുത്താൻ യു.എൻ പ്രമേയം, പിന്തുണയുമായി ഇന്ത്യ
text_fieldsന‍്യൂയോർക്ക്: ആഫ്രിക്ക, ലറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ തുടങ്ങിയ പ്രദേശങ്ങളുടെ വലിപ്പം കൃത്രിമമായി കുറച്ചുകാണിക്കുന്ന ലോകഭൂപടത്തിലെ അസമത്വങ്ങൾ തിരുത്താൻ ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്രസഭ പൊതുസഭയുടെ നിർണായക പ്രമേയം വൻ ഭൂരിപക്ഷത്തോടെ പാസായി. ‘ഭൂപടം തിരുത്തുക, ആഗോള ഭൂപട ചിത്രീകരണത്തിലെ സന്തുലിതാവസ്ഥ വീണ്ടെടുക്കലും ലോകമേഖലകളുടെ തുല്യ പ്രാതിനിധ്യവും’ എന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ആഫ്രിക്കൻ യൂനിയന്റെ പിന്തുണയോടെ ടോഗോ അവതരിപ്പിച്ച പ്രമേയത്തെ 193 അംഗ പൊതുസഭയിൽ 164 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ, അമേരിക്ക മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. സെർബിയ, എസ്റ്റോണിയ, ജോർജിയ, ലിത്വാനിയ, മോൾഡോവ, യുക്രെയ്ൻ എന്നീ ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
16-ാം നൂറ്റാണ്ടിൽ നാവിഗേഷനായി രൂപകൽപ്പന ചെയ്ത പരമ്പരാഗത മെർക്കാറ്റർ ഭൂപടം ധ്രുവങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളെ അനാവശ്യമായി വലുതായും, ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ ഭൂപ്രദേശങ്ങളെ ചെറുതായും കാണിക്കുന്നുണ്ടെന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, മെർക്കാറ്റർ മാപ്പിൽ ഗ്രീൻലാൻഡും ആഫ്രിക്കയും ഒരേ വലിപ്പത്തിലാണ് കാണുന്നതെങ്കിൽ, യഥാർത്ഥത്തിൽ ആഫ്രിക്ക ഗ്രീൻലാൻഡിനേക്കാൾ 14 മടങ്ങ് വലുതാണ്. ഈ കാർട്ടോഗ്രാഫിക് അസന്തുലിതാവസ്ഥ തിരുത്തി, വൻകരകളെ അവയുടെ യഥാർത്ഥ അനുപാതത്തിൽ കാണിക്കുന്ന 'ഈക്വൽ എർത്ത്' പ്രൊജക്ഷനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് പുതിയ പ്രമേയം ലക്ഷ്യമിടുന്നത്. പ്രമേയം മെർക്കാറ്റർ മാപ്പ് നിരോധിക്കുന്നില്ലെങ്കിലും, തുല്യ വിസ്തൃതിയുള്ള മാപ്പുകളുടെ ഉപയോഗം വ്യാപകമാക്കാൻ ആവശ്യപ്പെടുന്നു. നാവിഗേഷൻ പോലെയുള്ള ഇടുങ്ങിയ ആവശ്യങ്ങൾക്കപ്പുറം മെർക്കാറ്റർ ഭൂപടം ഉപയോഗിക്കുന്നതിൽ അർത്ഥമില്ലെന്നും ഭൂമിശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഭൂപട നിർമാണത്തിലെ കൃത്യത കൊണ്ടുവരാനുള്ള പ്രമേയത്തിന്റെ ഉദ്ദേശ്യത്തെ ഇന്ത്യ സ്വാഗതം ചെയ്തു. എന്നാൽ, ഒരു പ്രത്യേക പ്രൊജക്ഷൻ മാത്രം പൂർണ്ണമായി അടിച്ചേൽക്കുന്നതിന് പകരം, തുല്യ വിസ്തൃതിയുള്ള മാപ്പുകളുടെ വിശാലമായ ഉപയോഗത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ ഫസ്റ്റ് സെക്രട്ടറി രഘു പുരി വ്യക്തമാക്കി. ഭൂപടങ്ങൾ ലോകത്തെക്കുറിച്ചുള്ള ധാരണകളെ രൂപപ്പെടുത്തുന്നുവെന്നും തെറ്റായ ചിത്രീകരണം തിരുത്തുന്നത് സത്യം അംഗീകരിക്കലാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റ് പ്രതികരിച്ചു. സ്കൂൾ പാഠപുസ്തകങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, വാർത്താ മാധ്യമങ്ങൾ എന്നിവയിൽ യാഥാർത്ഥ്യബോധമുള്ള ഭൂപടങ്ങൾ ഉറപ്പാക്കുകയാണ് പ്രചാരണത്തിന് നേതൃത്വം നൽകിയ 'ആഫ്രിക്ക നോ ഫിൽറ്റർ' കൂട്ടായ്മയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

