‘ചൂയിങ് ഗം ചവയ്ക്കരുത്, ഹൈ ഹീൽസ് ധരിക്കരുത്, സെൽഫി എടുക്കരുത്’; വിവിധ രാജ്യങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്ന വിചിത്ര നിയമങ്ങൾ ഇവയാണ്...
text_fieldsമറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ സ്വാഭാവികമായും അവിടുത്തെ നിയമങ്ങൾ പാലിക്കാൻ നാം ബാധ്യസ്ഥരാണ്. ആ രാജ്യങ്ങളിലെ സാംസ്കാരികവും ചരിത്രപരവുമായ കാര്യങ്ങളിൽ നിന്നും രൂപപ്പെടുത്തിയവയാണ് മിക്ക നിയന്ത്രണങ്ങളും. ഇത്തരത്തിൽ ലോകത്തെ പല ഭാഗത്തും വിചിത്രമെന്ന് തോന്നുന്ന ചില നിയന്ത്രണങ്ങൾ ഉണ്ട്. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഓരോ രാജ്യത്തും ഇവ നിർബന്ധമായും പാലിക്കപ്പെടേണ്ടതാണ്.
ചൂയിങ് ഗം പാടില്ല: പൊതു ഇടങ്ങളിലെ വൃത്തിയുടെ ഭാഗമായി സിംഗപ്പൂരിൽ ച്യൂയിങ് ഗം ചവക്കുന്നത് വിലക്കിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങൾക്കല്ലാതെ സിംഗപ്പൂരിലേക്ക് ഗം കൊണ്ട് വന്നാൽ പിഴ അടക്കണം.
ഹൈ ഹീൽസ് പറ്റില്ല: ഗ്രീസിൽ അക്രോപോളിസ് പോലുള്ള പുരാതന സ്ഥലങ്ങളിൽ ഹൈ ഹീൽ ചെരുപ്പുകൾ ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. പുരാതന ശിലകളും നിർമിതികളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
പ്രാവുകൾക്ക് ഭക്ഷണം കൊടുക്കരുത്: വെനീസിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് അനുവദനീയമാണ്. എന്നാൽ, പിയാസ സാൻ മാർകോ പോലുള്ള സ്ഥലങ്ങളിൽ പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്നതിന് വിലക്കുണ്ട്. പരിസരം വൃത്തിയാക്കി സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ വിലക്ക്.
വണ്ടിയിൽ ഇന്ധനം തീർന്നാൽ പണി കിട്ടും: ജർമനിയിൽ വാഹനത്തിൽ പെട്രോളില്ലാതെ വഴിയിൽ കുടുങ്ങിയാൽ പിഴ ഈടാക്കും. ഇന്ധനം തീർന്ന വാഹനങ്ങൾ നിർത്തിയിട്ടാലും പിഴ ഈടാക്കുന്നതാണ്.
ബുദ്ധക്കൊപ്പം സെൽഫി പാടില്ല: ശ്രീലങ്കയിൽ ബുദ്ധക്കൊപ്പം സെൽഫി എടുക്കുന്നത് അനാദരവായിട്ടാണ് കണക്കാക്കുന്നത്. അവരുടെ വിശ്വാസ പ്രകാരം ബുദ്ധക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്നത് അനാദരവാണ്. അതിനാൽ ബുദ്ധക്കൊപ്പം സെൽഫിയെടുത്താൽ അറസ്റ്റ് മുതൽ നാടുകടത്തൽ വരെ നേരിടേണ്ടി വന്നേക്കാം.
പത്ത് മണിക്ക് ശേഷം ഫ്ലഷ് ചെയ്യാൻ പാടില്ല: സ്വിറ്റ്സർലാന്റിലെ ചില അപ്പാർട്ട്മെന്റുകളിൽ രാത്രി പത്ത് മണിക്ക് ശേഷം ഫ്ലഷ് ചെയ്യാൻ പാടില്ല. രാത്രിയിലെ ശബ്ദമലിനീകരണം കുറക്കുന്നതിന്റെ ഭാഗമായുള്ള ഇവ ഔദ്യോഗിക നിയന്ത്രണമല്ലെങ്കിലും മിക്ക കെട്ടിടങ്ങളും പിന്തുടരുന്ന ഒന്നാണ്.
കാമഫ്ലാജ് വസ്ത്രങ്ങൾ പാടില്ല: ബാർബഡോസ്, ജമൈക്ക, സെന്റ് ലൂസിയ തുടങ്ങിയ കരീബിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് സൈനിക വസ്ത്രത്തോട് സാമ്യമുള്ള കാമഫ്ലാജ് വസ്ത്രങ്ങൾ ധരിക്കാൻ അനുമതിയില്ല. സൈനികരെയും സാധാരണക്കാരെയും തമ്മിൽ മാറിപ്പോകാതിരിക്കാൻ വേണ്ടിയാണിത്.
കറൻസി ചവിട്ടരുത്: രാജാവിന്റെ ചിത്രമടങ്ങിയ തായ്‍ലാൻഡിലെ കറൻസികൾ അബദ്ധത്തിൽ പോലും ചവിട്ടാൻ പാടില്ല. ഇത് കറൻസിയോടുള്ള അപമര്യാദയും നിയമത്തിന് വിരുദ്ധവുമാണ്.
പൊതു ഇടങ്ങളിൽ തുപ്പരുത്: ദുബായിൽ പൊതു ഇടങ്ങളിൽ തുപ്പുക, മാലിന്യം വലിച്ചെറിയുക, മോശം ആംഗ്യങ്ങൾ കാണിക്കുക തുടങ്ങിയവ ഭീമൻ പിഴകൾക്ക് കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

