താരിഫ് യുദ്ധം അവസാനിപ്പിക്കാൻ യു.എസ്–ചൈന ധാരണ
text_fieldsജനീവ: ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലച്ച വ്യാപാര യുദ്ധം അവസാനിപ്പിക്കാൻ യു.എസ്-ചൈന നേതൃത്വം തീരുമാനിച്ചു. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെയും ചൈനീസ് വൈസ് പ്രീമിയർ ഹെ ലിഫെങ്ങിന്റെയും നേതൃത്വത്തിൽ പ്രതിനിധി സംഘം സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ചൈനയുടെ ഇറക്കുമതിക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൻ നികുതി ചുമത്തിയതോടെയാണ് വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചത്.
ഇരു വിഭാഗവും തമ്മിലുള്ള ചർച്ച ശനിയാഴ്ച രണ്ടുമണിക്കൂറോളം നീണ്ടു. യു.എസ് പ്രതിനിധി സംഘത്തിൽ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമുണ്ടായിരുന്നു. ചർച്ചകൾക്ക് തുടക്കമിട്ടതായി ഇരുവിഭാഗവും സ്ഥിരീകരിച്ചെങ്കിലും കൂടിക്കാഴ്ച നടക്കുന്ന നയതന്ത്ര കേന്ദ്രം പരസ്യമാക്കിയിട്ടില്ല. മറ്റ് രാജ്യങ്ങൾക്ക് യു.എസ് നൽകിയ 90 ദിവസത്തെ നികുതി ഇളവ് ചൈനയും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ടാവുമെന്നാണ് സൂചന.
ചർച്ചയിൽ സുപ്രധാന തീരുമാനങ്ങൾക്ക് സാധ്യയില്ലെങ്കിലും ഇരു രാജ്യങ്ങളും പരസ്പരം ചുമത്തിയ വൻ നികുതി കുറച്ചേക്കുമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നികുതി കുറക്കുന്നത് ആഗോള വിപണിക്കും നിരവധി കമ്പനികൾക്കും വലിയ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ. ചൈനയുടെ ഇറക്കുമതിക്ക് യു.എസ് 145 ശതമാനം നികുതിയാണ് ചുമത്തിയത്. പകരം അമേരിക്കൻ ഉൽപന്നങ്ങൾക്ക് 125 ശതമാനം ചുങ്കം ചൈനയും പ്രഖ്യാപിച്ചു.
കനത്ത തീരുവ കാരണം ഉൽപന്നങ്ങൾ പരസ്പരം ബഹിഷ്കരിക്കുന്നതിനും വ്യാപാരം കുത്തനെ ഇടിയാനും കാരണമായി. കഴിഞ്ഞ വർഷം 66000 കോടി ഡോളറിലെത്തിയ യു.എസ്-ചൈന വ്യാപാരമാണ് താരിഫ് യുദ്ധത്തിൽ തട്ടി താറുമാറായത്. ജനീവയിലെ കൂടിക്കാഴ്ചക്കുമുമ്പ്, ചൈനയുടെ മേൽ ചുമത്തിയ നികുതി 80 ശതമാനമായി കുറച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ചർച്ചകൾക്ക് തുടക്കം കുറിച്ചത് ചൈനയാണെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ വാദം തള്ളിയ ചൈന, യു.എസ് ആവശ്യ പ്രകാരമാണ് നീക്കമെന്ന് വ്യക്തമാക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.