ട്രംപിെന്റ നികുതി ബില്ലിന് ജനപ്രതിനിധി സഭയുടെ അംഗീകാരം
text_fieldsനികുതി ബിൽ പാസായതിനുശേഷം സഭാ സ്പീക്കർ മൈക്ക് ജോൺസൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ അതിവിപുലമായ നികുതി ബില്ലിന് അമേരിക്കൻ ജനപ്രതിനിധി സഭയുെട അംഗീകാരം. 214നെതിരെ 215 വോട്ടിനാണ് ബിൽ പാസായത്. രണ്ട് റിപ്ലബ്ലിക്കൻ അംഗങ്ങൾ ബില്ലിനെതിരെ വോട്ട് ചെയ്തു. സെനറ്റ് അംഗീകാരംകൂടി നേടിയാൽ ബിൽ പ്രാബല്യത്തിൽ വരും.
റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങൾ ഉയർത്തിയ എതിർപ്പിനിടയിലും ബിൽ പാസാക്കാനായത് ട്രംപിന് വൻ നേട്ടമാണ്. ആദ്യ ഊഴത്തിൽ നടപ്പാക്കിയ നികുതി ഇളവ് കൂടുതൽ വിപുലപ്പെടുത്തുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. സേവനങ്ങൾക്ക് ലഭിക്കുന്ന ടിപ്പുകളെ നികുതിയിൽനിന്ന് ഒഴിവാക്കും. സൈന്യത്തിനും അതിർത്തി സംരക്ഷണത്തിനും കൂടുതൽ തുക വകയിരുത്തും.
അടുത്ത 10 വർഷത്തിനകം രാജ്യത്തിെന്റ മൊത്തം കടബാധ്യതയിൽ 2.3 ട്രില്യൺ ഡോളറിെന്റ വർധന വരുത്തുന്നതാണ് പുതിയ നികുതി ബിൽ. തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന നിയമനിർമാണമാണ് ബിൽ എന്ന് ജനപ്രതിനിധി സഭ സ്പീക്കർ മൈക്ക് ജോൺസൻ പ്രതികരിച്ചു. അതേസമയം, അമേരിക്കൻ ജനതയുടെ മേൽ കൂടുതൽ സാമ്പത്തികഭാരം അടിച്ചേൽപിക്കുന്നതാണ് ബില്ലെന്ന് ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തി. ദശലക്ഷക്കണക്കിന് അമേരിക്കൻ കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസിനായി കൂടുതൽ പ്രീമിയം നൽകേണ്ടിവരുമെന്ന് ഡെമോക്രാറ്റിക് ലീഡർ ഹകീം ജെഫ്രീസ്, വിപ്പ് കാതറിൻ ക്ലാർക്ക് എന്നിവർ പറഞ്ഞു. ബില്ലിനെതിരെ സാധ്യമായ എല്ലാ രീതിയിലും പോരാടുമെന്നും അവർ പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ നിയമനിർമാണമാണ് ബില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
2017ൽ ട്രംപ് കൊണ്ടുവന്ന നികുതി ഇളവ്, തൊഴിൽ നിയമത്തിെന്റ തുടർച്ചയാണ് പുതിയ ബില്ലിലുള്ളത്. മിക്ക അമേരിക്കക്കാർക്കും കുറഞ്ഞ നികുതിനിരക്ക് ഈടാക്കിയിരുന്നത് ഇതുവഴി തുടരും. ഉയർന്ന വരുമാനക്കാർക്ക് 37 ശതമാനമെന്ന ഉയർന്ന നികുതിയാണുണ്ടാവുക. ടിപ്പുകൾ, ഓവർടൈം ജോലിക്കുള്ള പ്രതിഫലം എന്നിവയെ നികുതിയിൽനിന്ന് ഒഴിവാക്കും. മുതിർന്ന പൗരൻമാർക്ക് സ്റ്റാൻഡേഡ് ഡിഡക്ഷനും ഏർപ്പെടുത്തിയിട്ടുണ്ട്.
കുട്ടികൾക്കായി മാഗാ അക്കൗണ്ട് എന്ന പേരിലെ സേവിങ്സ് പദ്ധതിയാണ് മറ്റൊരു സവിശേഷത. തുടക്കത്തിൽ അക്കൗണ്ടിലേക്ക് 1000 ഡോളർ സർക്കാർ വിഹിതമായി നൽകും. കുടുംബങ്ങൾക്ക് നികുതിക്കു ശേഷമുള്ള വരുമാനത്തിൽനിന്ന് പ്രതിവർഷം 5000 ഡോളർ വരെ ഇതിലേക്ക് നിക്ഷേപിക്കാൻ കഴിയും.
പ്രവാസികൾ വിദേശത്തേക്കയക്കുന്ന തുകക്ക് അഞ്ച് ശതമാനം നികുതി ഈടാക്കാനുള്ള നിർദേശവും ബില്ലിലുണ്ട്. ഇത് നടപ്പായാൽ ഇന്ത്യക്കാരടക്കമുള്ളവർക്ക് തിരിച്ചടിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.