‘ഇന്ത്യൻ വിരുദ്ധ വിദ്വേഷം കുതിച്ചുയരുന്നു’; വൻകിട കമ്പനികൾക്കെതിരെ രൂക്ഷ വിമർശനവുമായി യു.എസ് കോൺഗ്രസ് അംഗം
text_fieldsവാഷിങ്ടൺ: സമൂഹമാധ്യമങ്ങളിൽ ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും ദക്ഷിണേഷ്യൻ വംശജർക്കുമെതിരെ വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി. ഓൺലൈൻ വിദ്വേഷത്തിലൂടെ വൻ സാമ്പത്തിക ലാഭം കൊയ്യുന്ന പ്രമുഖ ടെക്നോളജി കമ്പനികൾ ഇത് തടയാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും, ഇത്തരം പ്രവണതകൾക്കെതിരെ കോൺഗ്രസ് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് രാജ കൃഷ്ണമൂർത്തി വൻകിട ടെക് കമ്പനികളുടെ നിഷേധാത്മക നിലപാടിനെതിരെ തുറന്നടിച്ചത്. സാമൂഹികമാധ്യമങ്ങളിൽ ഇന്ത്യൻ വിരുദ്ധ വിദ്വേഷം കുതിച്ചുയരുകയാണ്. ഇതിലൂടെ വൻകിട ടെക് കമ്പനികൾ ലാഭമുണ്ടാക്കുന്നു. പ്രചരിപ്പിക്കാൻ സഹായിക്കുന്ന വിദ്വേഷം തടയാൻ ഈ കമ്പനികൾക്ക് ഇപ്പോൾ താൽപര്യമില്ല. കോൺഗ്രസ് അവരെ ഉത്തരവാദിത്തത്തിന് വിധേയരാക്കണം,” കൃഷ്ണമൂർത്തി കുറിച്ചു.
അമേരിക്കയിലെ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കെതിരായ ഓൺലൈൻ വിദ്വേഷം വർധിക്കുന്നതായി സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ് പുറത്തുവിട്ട റിപ്പോർട്ടിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2025 ജനുവരി മുതൽ 2026 ജൂൺ വരെ എക്സിൽ ദക്ഷിണേഷ്യൻ വംശജരെ ലക്ഷ്യമിട്ട് ഏകദേശം 5,42,360 വിദ്വേഷ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതായി ഗവേഷകർ കണ്ടെത്തിയിരുന്നു. 2024 ജനുവരിയിൽ പ്രതിമാസം 12,904 ആയിരുന്ന ഇത്തരം പോസ്റ്റുകളുടെ എണ്ണം 2026 ജൂണിൽ 43,843 ആയി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
സി.എസ്.ഒ.എച്ച് റിപ്പോർട്ട് പ്രകാരം, എക്സ് പ്ലാറ്റ്‌ഫോമിൽ ദക്ഷിണേഷ്യൻ വിരുദ്ധ വിദ്വേഷ പോസ്റ്റുകളുടെ എണ്ണത്തിൽ ചുരുങ്ങിയ കാലയളവിൽ 240 ശതമാനത്തിലധികം വർധനവാണ് ഉണ്ടായത്. വിദ്വേഷം പരത്തുന്ന പോസ്റ്റുകൾ വഴി ലഭിക്കുന്ന എൻഗേജ്മെന്റും സാമ്പത്തിക നേട്ടവുമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകൾ പ്രശ്നം ഗൗരവമായി കാണാത്തതിന് കാരണമെന്ന് കൃഷ്ണമൂർത്തി ചൂണ്ടിക്കാണിച്ചു. ഫെഡറൽ തലത്തിൽ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ പ്രവണത കൂടുതൽ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കയിൽ ഇന്ത്യൻ സമൂഹങ്ങൾക്കെതിരെ വർധിച്ചുവരുന്ന വിദ്വേഷത്തിന് പിന്നാലെ, ഇല്ലിനോയിയിലെ ക്ഷേത്രത്തിന് നേരെ ഒക്ടോബർ 11ന് ആക്രമണ ശ്രമം നടന്നിരുന്നു. രാജ കൃഷ്ണമൂർത്തി കുടുംബത്തോടൊപ്പം ആരാധനക്കായി എത്തിയ സമയത്തായിരുന്നു ഈ സംഭവം. ക്ഷേത്രത്തിന് പുറത്ത് ഒരാളെ വെടിയുതിർക്കാൻ ശ്രമിച്ച പ്രതിയെ പിന്നീട് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. വൈറ്റ് സുപ്രീമസിസ്റ്റ് ആശയങ്ങൾ അടങ്ങിയ മാനിഫെസ്റ്റോയും പ്രതിയുടെ പക്കൽ നിന്ന് കണ്ടെത്തിയിരുന്നു.
ഈ സംഭവത്തെത്തുടർന്ന്, വിഷയത്തിൽ ഫെഡറൽ ഹേറ്റ് ക്രൈം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജ കൃഷ്ണമൂർത്തിയും 105 നിയമനിർമാതാക്കളും ചേർന്ന് എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന് കത്തയച്ചു. ഇന്ത്യൻ അമേരിക്കക്കാർക്കും ഹിന്ദുക്കൾക്കുമെതിരായ ഓൺലൈൻ ഭീഷണികൾ തടയാൻ എഫ്.ബി.ഐ സ്വീകരിച്ച നടപടികളെക്കുറിച്ചും, വിദ്വേഷ പ്രചാരണങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

