ചൈനീസ് വിദ്യാർഥികളെ പുറത്താക്കാനുള്ള നീക്കവുമായി യു.എസ്
text_fieldsഡോണള്‍ഡ് ട്രംപ്
വാഷിങ്ടൺ: താരിഫ് യുദ്ധത്തിനു പിന്നാലെ ചൈനീസ് വിദ്യാർഥികളെ പുറത്താക്കാനുള്ള നീക്കവുമായി യു.എസ് ഭരണകൂടം. ചൈനീസ് വിദ്യാർഥികളുടെ വിസ റദ്ദാക്കുന്ന നടപടി ഊർജിതമാക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ അറിയിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരുടെയും സുപ്രധാന മേഖലകളിൽ പഠനം നടത്തുന്നവരുടെയും അടക്കം വിസയാണ് റദ്ദാക്കുക. സമൂഹ മാധ്യമമായ എക്സിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ ഹാർവഡ് സർവകലാശാലക്കുള്ള അനുമതി സർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. 2.70 ലക്ഷം ചൈനീസ് വിദ്യാർഥികളാണ് കഴിഞ്ഞ വർഷം യു.എസിൽ പഠനം നടത്തിയത്. ഇന്ത്യക്കു ശേഷം യു.എസിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള രണ്ടാമത്തെ രാജ്യവും ചൈനയാണ്. സമൂഹമാധ്യമങ്ങളിലെ പ്രവർത്തനങ്ങൾക്ക് പുതിയ മാർഗനിർദേശം തയാറാക്കിയ പശ്ചാത്തലത്തിൽ വിദേശ വിദ്യാർഥികൾക്ക് പുതിയ വിസ അനുവദിക്കുന്നത് റൂബിയോ ചൊവ്വാഴ്ച നിർത്തിവെച്ചിരുന്നു.
വിദ്യാർഥി വിസ റദ്ദാക്കാനുള്ള യു.എസ് തീരുമാനം വിവേകമില്ലാത്തതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് മാവോ നിങ് ആരോപിച്ചു. വിഷയത്തിൽ യു.എസിനെ പ്രതിഷേധം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.