യു.എസ് വിമാനാപകടം: ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
text_fieldsസൈനിക കോപ്ടറുമായി കൂട്ടിയിടിച്ച് തകർന്ന യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്സ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
വാഷിങ്ടൺ: റൊണാൾഡ് റീഗൻ ദേശീയ വിമാനത്താവളത്തിലിറങ്ങവേ സൈനിക കോപ്ടറുമായി കൂട്ടിയിടിച്ച് തകർന്ന യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വിമാനയാത്രയെ കുറിച്ചുള്ള വിവരവും എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായി പൈലറ്റുമാർ നടത്തിയ ആശയവിനിമയങ്ങളുമാണ് ബ്ലാക്ക് ബോക്സിലുണ്ടാവുക.
ബൊംബാർഡിയർ സി.ആർ.ജെ700 ജെറ്റ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചുവരുകയാണെന്ന് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി) അറിയിച്ചു. അപകടത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വിശദ അന്വേഷണം നടത്തുമെന്ന് എൻ.ടി.എസ്.ബി ചെയർമാൻ ജെന്നിഫർ ഹൊമെൻഡി പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
വാഷിങ്ടൺ ഡി.സിയിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൽ ആവശ്യത്തിന് ജീവനക്കാരില്ലായിരുന്നെന്നും ഒരേ ജീവനക്കാരൻ തന്നെയായിരുന്നു ഹെലികോപ്ടറിനും യാത്രാ വിമാനത്തിനും ഗതാഗത നിർദേശം നൽകിയിരുന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എതിർദിശയിൽനിന്ന് വിമാനം വരുന്നതായി ഹെലികോപ്ടറിന് എയർ ട്രാഫിക് കൺട്രോൾ ടവറിൽനിന്ന് മുന്നറിയിപ്പ് നൽകുന്ന ശബ്ദസന്ദേശം ബി.ബി.സി പുറത്തുവിട്ടു.
വിമാനത്തിലുണ്ടായിരുന്ന 27 പേരുടെയും ഹെലികോപ്ടറിലെ ഒരാളുടെയും മൃതദേഹങ്ങൾ പോടോമാക് നദിയിൽനിന്ന് ഇതുവരെ കണ്ടെടുത്തു. നദിയിലെ വിറങ്ങലിക്കുന്ന തണുപ്പ് കാരണം മൃതദേഹങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. യു.എസ് സൈന്യത്തിന്റെ സികോർസ്കി യു.എച്ച്-60 ബ്ലാക്ക് ഹോക് ഹെലികോപ്ടറുമായാണ് വിമാനം കൂട്ടിയിടിച്ച് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 64 പേരും കോപ്ടറിലുണ്ടായിരുന്ന മൂന്ന് സൈനികരും മരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.