ബി.ബി.സിക്കെതിരെ 1000 കോടി ഡോളറിന്‍റെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ: പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുംവിധം തന്‍റെ വിഡിയോ എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് ബ്രിട്ടീഷ് ചാനലായ ബി.ബി.സിക്കെതിരെ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 10 ബില്യൻ (1000 കോടി) ഡോളറിന്‍റെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 2021 ജനുവരി ആറിന് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത്, യു.എസ് ക്യാപിറ്റോൾ ആക്രമിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിൽ സംസാരിച്ചതായി ചാനൽ വരുത്തിത്തീർത്തുവെന്ന് ട്രംപ് മയാമിയിലെ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ആരോപിക്കുന്നു.
അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് ഒരു കേസും ഫ്ലോറിഡയിലെ വ്യാപാര രീതി നിയമപ്രകാരമുള്ള മറ്റൊരു കേസുമാണ് ഫയൽ ചെയ്തത്. ഓരോ കേസിലും അഞ്ച് ബില്യൻ യു.എസ് ഡോളർ വീതം നഷ്ടപരിഹാരം നൽകണമെന്ന് ട്രംപ് ആവശ്യപ്പെടുന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു . പ്രതിഛായക്ക് കോട്ടം വരുത്താനും 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ബി.ബി.സി മനഃപൂർവം ട്രംപിന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ആരോപിക്കുന്നു.
ക്യാപിറ്റോൾ കലാപത്തെ കുറിച്ച് വിശദീകരിക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററിയിലാണ് ട്രംപിന്‍റെ വിഡിയോ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യപിറ്റോളിലേക്ക് പ്രതിഷേധ ജാഥ നടത്തുന്നതിനു തൊട്ടുമുമ്പ് അനുയായികളെ സംബോധന ചെയ്ത ട്രംപ്, കലാപാഹ്വാനം നടത്തുന്നതായുള്ള പരാമർശങ്ങളാണുള്ളത്. ഇതേപ്രസംഗത്തിൽ അക്രമം പാടില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ടെന്നും എന്നാൽ ചാനൽ മനഃപൂർവം ഈ ഭാഗം ഒഴിവാക്കിയെന്നും ട്രംപ് പറയുന്നു. മാധ്യമധർമത്തിന് നിരക്കാത്ത പ്രവൃത്തിയാണ് ബി.ബി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

