Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപശ്ചിമേഷ്യയിൽ വീണ്ടും...

പശ്ചിമേഷ്യയിൽ വീണ്ടും കനത്ത യുദ്ധാന്തരീക്ഷം; ലാറക് ദ്വീപിൽ അമേരിക്കയുടെ വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാൻ

text_fields
bookmark_border
പശ്ചിമേഷ്യയിൽ വീണ്ടും കനത്ത യുദ്ധാന്തരീക്ഷം; ലാറക് ദ്വീപിൽ അമേരിക്കയുടെ വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാൻ
cancel

തെഹ്റാൻ/വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിൽ അമേരിക്ക നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും കനത്ത യുദ്ധാന്തരീക്ഷം. അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ സൈനികോപകരണങ്ങളും സാധാരണക്കാരും ഉൾപ്പെടെ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഐ.ആർ.ജി.സി സ്ഥിരീകരിച്ചു. ഇതിന് മറുപടിയായി ജോർഡനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയെങ്കിലും അവയെല്ലാം തടഞ്ഞതായി അമേരിക്കൻ അധികൃതർ അറിയിച്ചു.

ഞായറാഴ്ചയോടെയാണ് ലാറക് ദ്വീപിലെ രണ്ട് ഇറാനിയൻ ലോഞ്ചറുകൾക്ക് നേരെ യു.എസ് സൈന്യം കൃത്യതയാർന്ന വ്യോമാക്രമണം നടത്തിയത്. ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും സിവിലിയൻ നാവികർക്കും ഭീഷണിയാകും വിധം കടൽ മൈനുകൾ സ്ഥാപിക്കാൻ ഇറാന്റെ ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് തയ്യാറെടുക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഫെബ്രുവരി അവസാനം യു.എസും ഇസ്രായേലും ഇറാനുനേരെ സംയുക്ത ആക്രമണം ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ യു.എസ് ആക്രമണമാണിത്. കടലിൽ മൈനുകൾ സ്ഥാപിക്കാനുള്ള ഏത് നീക്കത്തെയും കർശനമായി നേരിടുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

അമേരിക്കൻ ആക്രമണത്തെ‘കടന്നുകയറ്റം’ എന്ന് വിശേഷിപ്പിച്ച ഇറാൻ, ഇതിന് ശക്തമായ തിരിച്ചടിയും ശിക്ഷയും നൽകുമെന്ന് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ജോർഡനിൽ യു.എസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്ന താവളങ്ങൾക്ക് നേരെ ഇറാൻ ഇടത്തരം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. എന്നാൽ ജോർഡൻ വ്യോമാതിർത്തിയിൽ വെച്ച് തന്നെ ഈ മിസൈലുകളെല്ലാം വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി ഒരു യു.എസ് ഉദ്യോഗസ്ഥൻ അൽ ജസീറയോട് സ്ഥിരീകരിച്ചു.

സംഘർഷത്തെത്തുടർന്ന് ഹുർമുസ് കടലിടുക്കിലെ ചരക്കു കപ്പൽ ഗതാഗതം വൻതോതിൽ കുറഞ്ഞു. വാരാന്ത്യത്തിൽ ഈ പാതയിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം ദിവസേന അഞ്ചായി ചുരുങ്ങിയെന്ന് ഷിപ്പിങ് ഡാറ്റ വ്യക്തമാക്കുന്നു. ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാൻ പല കപ്പലുകളും തങ്ങളുടെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തിരിക്കുകയാണ്.

യുദ്ധത്തിന് മുമ്പ് ആഗോള എണ്ണയുടെ ഏകദേശം ഇരുപത് ശതമാനവും കടന്നുപോയിരുന്ന സുപ്രധാന പാതയാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. ഇതിനിടയിൽ ഇറാനുമായി ഇടപാടുകൾ നടത്തുന്ന മറ്റൊരു ബാങ്കിനെതിരെക്കൂടി ഈ ആഴ്ച ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് അറിയിച്ചിട്ടുണ്ട്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ മുസ്‍ലിം രാജ്യങ്ങളോട് ഇറാന്റെ പരമാധികാരി ആയത്തുല്ല മുജ്തബ ഖാംനഈ ആഹ്വാനം ചെയ്തു. പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്‍ലിം സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്ന ഏത് നടപടിയും ഇസ്‍ലാമിന്റെ ശത്ത്രക്കളെയാണ് സഹായിക്കുകയെന്നും യഥാർഥ ശത്രുവിനെ തിരിച്ചറിഞ്ഞ് ഒത്തൊരുമയോടെ നേരിടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലാറക് ദ്വീപിലെ ആക്രമണവും അതിനെത്തുടർന്നുള്ള പ്രത്യാക്രമണങ്ങളും പശ്ചിമേഷ്യയെ കൂടുതൽ വിനാശകരമായ ഒരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran-USStrait of Hormuziran missileUS Airstrike
News Summary - US strikes Larak Island, Iran hits back
Next Story