നികളസ് മദുറോക്കും ഭാര്യക്കുമെതിരെ പുതിയ കുറ്റങ്ങൾ ചുമത്താനൊരുങ്ങി യു.എസ്; പ്രഖ്യാപനം ഇന്നുണ്ടായേക്കും
text_fieldsന്യൂയോർക്ക്: അമേരിക്കൻ പൗരന്മാരെ വെനസ്വേലയിൽ തടവിലാക്കി പീഡിപ്പിച്ചെന്ന ആരോപണത്തിൽ മുൻ പ്രസിഡന്റ് നികളസ് മദുറോക്കും ഭാര്യ സിലിയ ഫ്ലോറസിനുമെതിരെ പുതിയ ക്രിമിനൽ കുറ്റങ്ങൾ ചുമത്താനൊരുങ്ങി യു.എസ്. ഇന്ന് തന്നെ പുതിയ കുറ്റങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
13 വർഷം വെനസ്വേലയുടെ പ്രസിഡന്റായിരുന്ന മദുറോയെയും ഭാര്യ ഫ്ലോറസിനെയും ജനുവരി മൂന്നിന് കറാക്കസിലെ വീട്ടിൽനിന്നാണ് യു.എസ് സൈന്യം പിടികൂടിയത്. തുടർന്ന് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിടുന്നതിനായി ഇരുവരെയും ന്യൂയോർക്കിലെത്തിച്ചു. കേസിൽ തങ്ങൾ കുറ്റക്കാരല്ലെന്ന് ഇരുവരും കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2027 ജൂൺ ഒന്നിന് വിചാരണ ആരംഭിക്കുമെന്നാണ് വിവരം.
പുതിയ കുറ്റങ്ങൾ സംബന്ധിച്ച വിശദാംശങ്ങളോ പീഡനത്തിന് ഇരയായെന്ന് ആരോപിക്കപ്പെടുന്ന അമേരിക്കൻ പൗരന്മാരുടെ വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. മാൻഹട്ടൻ യു.എസ് അറ്റോർണി ഓഫിസാണ് മദുറോയ്ക്കും ഫ്ലോറസിനുമെതിരെ കേസുകൾ ചുമത്തിയിരിക്കുന്നത്. അതേ സമയം പുതിയ കുറ്റങ്ങൾ ചുമത്തുന്നതിനെസംബന്ധിച്ച് അറ്റോർണി ഓഫിസ് പ്രതികരിക്കാൻ വിസമ്മതിച്ചു. മദുറോയുടെയും ഫ്ലോറസിന്റെയും അഭിഭാഷകരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സി.എന്‍.എന്‍ ആണ് പുതിയ കുറ്റങ്ങൾ ചുമത്താനുള്ള നീക്കത്തെക്കുറിച്ചുള്ള വിവരം ആദ്യം പുറത്തുവിട്ടത്.
നികളസ് മദുറോയുടെ ഭരണകാലത്ത് അമേരിക്കയും വെനസ്വേലയും തമ്മിൽ കടുത്ത സംഘർഷം നിലനിന്നിരുന്നു. സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നതിനുള്ള സമ്മർദത്തിന്റെ ഭാഗമായി അമേരിക്കൻ പൗരന്മാരെ വെനസ്വേലൻ സർക്കാർ അന്യായമായി തടവിലാക്കിയെന്നായിരുന്നു വാഷിങ്ടണിന്റെ ആരോപണം.
അന്യായമായി തടവിലാക്കിയവരായി അമേരിക്ക കണക്കാക്കിയവരിൽ അഞ്ച് എണ്ണക്കമ്പനി എക്സിക്യൂട്ടീവുകളും ഉൾപ്പെട്ടിരുന്നു. അഴിമതി ആരോപണങ്ങളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2022ൽ ഇവരെ മോചിപ്പിച്ചത് അമേരിക്കയിൽ മയക്കുമരുന്ന് കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ട ഫ്ലോറസിന്റെ രണ്ട് അനന്തരവന്മാരെ വിട്ടയച്ചതിന് പകരമായാണ്.
63കാരനായ മദുറോയും 69കാരിയായ ഫ്ലോറസും നിലവിൽ ബ്രൂക്ലിനിലെ ഫെഡറൽ ജയിലിലാണ് കഴിയുന്നത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിചാരണയ്ക്ക് മുമ്പ് ജാമ്യത്തിൽ വിടണമെന്നാവശ്യപ്പെട്ട് ഫ്ലോറസ് ഇന്ന് മാൻഹട്ടൻ ഫെഡറൽ കോടതിയെ സമീപിക്കും. എന്നാൽ ഇവരെ വിട്ടയക്കുന്നതിനെ പ്രോസിക്യൂഷൻ എതിർക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

