പകരച്ചുങ്കത്തിന് ഒരാഴ്ചകൂടി ഇടവേള; കൂടുതൽ തീരുവയുമായി ട്രംപ്
text_fieldsവാഷിങ്ടൺ: ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്കെതിരെ പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നതിന് ഒരാഴ്ചത്തെ ഇളവ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടുതൽ രാജ്യങ്ങളുമായി വ്യാപാര കരാറിൽ എത്തുന്നതിനാണ് നടപടി. മെക്സികോക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവ 90 ദിവസത്തേക്കും മരവിപ്പിച്ചു.
അതേസമയം, അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കാനഡയുടെ തീരുവ 25 ശതമാനത്തിൽനിന്ന് 35 ശതമാനമായി ഉയർത്തുകയും വെള്ളിയാഴ്ചതന്നെ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. 90ലധികം രാജ്യങ്ങൾക്കെതിരെ ആഗസ്റ്റ് ഏഴ് മുതൽ 10 മുതൽ 41 ശതമാനം വരെ തീരുവയാണ് യു.എസ് പുതുതായി പ്രഖ്യാപിച്ചത്. മറ്റൊരുരാജ്യം വഴി അമേരിക്കയിലേക്ക് ഉൽപന്നങ്ങൾ അയച്ചാൽ 40 ശതമാനം തീരുവ ഈടാക്കും. കാനഡയുടെ തീരുവ ഉയർത്തിയെങ്കിലും യു.എസ്-മെക്സികോ-കാനഡ കരാർ പ്രകാരം മിക്ക ഉൽപന്നങ്ങളും ഉയർന്ന തീരുവയിൽനിന്ന് ഒഴിവാകും.
ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം രണ്ടുതവണ നീട്ടിവെച്ചശേഷമാണ് ആഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. 90 ദിവസത്തിനകം 90 രാജ്യങ്ങളുമായി വ്യാപാര കരാറുണ്ടാക്കുകയായിരുന്നു ട്രംപിെന്റ ലക്ഷ്യം. യു.കെ, യൂറോപ്യൻ യൂനിയൻ, ജപ്പാൻ, ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയവയുമായി മാത്രമാണ് ഇതിനകം കരാർ സാധ്യമായത്. ലക്ഷ്യം കൈവരിക്കാനാകാത്ത സാഹചര്യത്തിലാണ് പകരച്ചുങ്കത്തിന് ഒരാഴ്ച കൂടി ഇടവേള നൽകിയത്.
അതിനിടെ, മറ്റ് രാജ്യങ്ങളിൽ വിൽക്കുന്ന വിലയിൽ തന്നെ അമേരിക്കയിലും മരുന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ആസ്ട്ര സെനേക്ക, ജി.എസ്.കെ ഉൾപ്പെടെ വൻകിട മരുന്ന് നിർമാണ കമ്പനികൾക്ക് ട്രംപ് കത്തെഴുതി. 60 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കിൽ സാധ്യമായ എല്ലാ നടപടികളും കമ്പനികൾക്കെതിരെ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് മരുന്ന് കമ്പനികളുടെ ഓഹരി വിലയിൽ കനത്ത ഇടിവുണ്ടായി. ബ്രസീലിന് 40 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്.
നേരത്തെ പ്രഖ്യാപിച്ച 10 ശതമാനം കൂടിയാകുമ്പോൾ ആകെ തീരുവ 50 ശതമാനമാകും. മുൻ പ്രസിഡന്റ് ജെയ്ർ ബോൽസനാരോക്കെതിരായ കോടതി നടപടികളാണ് ട്രംപിനെ ചൊടിപ്പിച്ചത്. അതേസമയം, ചൈന പുതിയ പട്ടികയിൽ ഉൾപ്പെട്ടില്ല. യു.എസുമായി വ്യാപാര കരാറുണ്ടാക്കാൻ ആഗസ്റ്റ് 12 വരെയാണ് ചൈനക്ക് സമയം നൽകിയിരിക്കുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് തീരുവ പാകിസ്താനാണ്-19 ശതമാനം. പുതുതായി പ്രഖ്യാപിച്ച പകരച്ചുങ്കത്തിെന്റ പ്രത്യാഘാതം ഓഹരി വിപണികളിലും പ്രതിഫലിച്ചു. ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സ് 585.67 പോയന്റും നിഫ്റ്റി 203 പോയന്റും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.