ഗസ്സയെ മുറിക്കാൻ വൻ സൈനിക പദ്ധതിയുമായി യു.എസ്
text_fieldsഗസ്സ സിറ്റി: ഗസ്സയെ വിഭജിച്ച് ഇസ്രായേലി -അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ സൈനിക പദ്ധതിയുമായി യു.എസ്. ഫലസ്തീനികൾ ഗസ്സയുടെ പകുതിയിൽ താഴെ മാത്രം വിസ്തീർണമുള്ള റെഡ് സോണിലേക്ക് പൂർണമായി ഒതുക്കപ്പെടും. യു.എസ് സൈനിക ആസൂത്രണ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഗാർഡിയൻ’ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗസ്സയിൽ ഫലസ്തീൻ ടെക്നോക്രാറ്റുകളുടെ നേതൃത്വത്തിൽ സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കുമെന്നും അന്താരാഷ്ട്ര പിന്തുണയോടെ പുനർനിർമാണം നടത്തുമെന്നുമുള്ള വാഗ്ദാനത്തിൽനിന്ന് തന്ത്രപൂർവം അമേരിക്ക ഒഴിയുകയാണ്. പകരം ഇസ്രായേൽ അധിനിവേശം വ്യാപിപ്പിക്കുന്നതിന് ഒത്താശ നൽകുന്നതാണ് നീക്കം. ഗ്രീൻ സോണിനും റെഡ് സോണിനുമിടയിലെ ഇടനാഴിയിൽ (യെല്ലോ സോൺ) ഇസ്രായേൽ സൈന്യവും അന്താരാഷ്ട്ര സേനയും നിലയുറപ്പിക്കും. ഗസ്സയെ വിഭജിക്കാനുള്ള ദീർഘകാല പദ്ധതിയെന്നാണ് ‘ഗാർഡിയൻ’ ഇതിനെ വിശേഷിപ്പിക്കുന്നത്.
വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ഖത്തറിനും ഈജിപ്തിനും അമേരിക്കൻ പദ്ധതിയിൽ വിയോജിപ്പുള്ളതായാണ് വിവരം. ഇത് യുദ്ധവുമല്ല, സമാധാനവുമല്ല എന്നാണ് അവരുടെ പ്രതികരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പദ്ധതി പ്രകാരം ബോംബ് നിർവീര്യമാക്കൽ, ചികിത്സ എന്നിവയിൽ വൈദഗ്ധ്യമുള്ള 1500 ബ്രിട്ടീഷ് സൈനികർ, കെട്ടിടാവശിഷ്ടങ്ങൾ നിറഞ്ഞ റോഡ് വൃത്തിയാക്കാൻ 1000 ഫ്രഞ്ച് സൈനികർ തുടങ്ങിയവർ ഗസ്സയിലെത്തും. ജർമനി, നെതർലൻഡ്സ്, നോർഡിക് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള സൈനികർ നയിക്കുന്ന ഫീൽഡ് ആശുപത്രികളുണ്ടാകും. ചരക്കുനീക്കം, രഹസ്യാന്വേഷണം എന്നിവയും അന്താരാഷ്ട്ര സൈനികരുടെ മേൽനോട്ടത്തിലാകും. ഗസ്സ സമഗ്ര പുനർനിർമാണത്തെക്കുറിച്ച് യു.എസ് മൗനം പാലിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇടക്കിടെ ഇസ്രായേൽ ആക്രമണം നടത്തുന്നുമുണ്ട്. ആദ്യം നിശ്ചിത സൈനികരെ പരിമിത പ്രദേശത്ത് വിന്യസിക്കാനും പിന്നീട് 20,000 പേരുടെ പൂർണ ശക്തിയിലേക്ക് പ്രദേശം മുഴുവൻ വ്യാപിപ്പിക്കാനുമാണ് യു.എസ് പദ്ധതി.
യെല്ലോ ലൈനിന്റെ പടിഞ്ഞാറൻ ഭാഗത്ത് സൈനിക സാന്നിധ്യമുണ്ടാകില്ല. പക്ഷേ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന വിസ്തൃതിയുടെ പകുതിയിലേക്ക് ഫലസ്തീനികളുടെ താമസഭാഗം ചുരുങ്ങും. അവിടത്തെ പുനർനിർമാണത്തിന് വ്യക്തമായ പദ്ധതിയുമില്ല. സഹായവസ്തുക്കളുടെയും പുനർനിർമാണത്തിനുള്ള വസ്തുക്കളുടെയും സ്വതന്ത്രമായ ഒഴുക്കും ഉറപ്പുനൽകുന്നില്ല. റഫയിലെ ഇസ്രായേൽ സൈന്യത്തിന്റെ നിരീക്ഷണം കടന്നുവേണം ട്രക്കുകൾക്ക് ഗസ്സയിൽ പ്രവേശിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

