ട്രംപ് ഇന്ത്യക്കുമേൽ ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതൽ
text_fieldsവാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ ബുധനാഴ്ച പ്രാബല്യത്തിൽ വരും. ഈ മാസം ഏഴിന് ചുമത്തിയ 25 ശതമാനം പകരത്തീരുവക്ക് പുറമേയാണ് ഇത്. ഇതോടെ, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയരും.
അമേരിക്കൻ സമയം ബുധനാഴ്ച പുലർച്ചെ 12.01ന് ശേഷം അമേരിക്കയിൽ എത്തുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ ബാധകമാവുകയെന്ന് ആഭ്യന്തര സുക്ഷ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇതിന് മുമ്പ് കപ്പലുകളിൽ കയറ്റിയ ഉൽപന്നങ്ങൾക്കും പിഴത്തീരുവ ബാധകമാകില്ല. ഈ ഉൽപന്നങ്ങൾ സെപ്റ്റംബർ 17ന് മുമ്പ് അമേരിക്കയിൽ എത്തുന്നവയായിരിക്കണം.
ചെമ്മീൻ, വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകൾക്ക് കനത്ത തിരിച്ചടിയാണ് പിഴത്തീരുവ. അമേരിക്കയിലേക്കുള്ള ഏഴര ലക്ഷം കോടി രൂപയുടെ ഇന്ത്യൻ കയറ്റുമതിയിൽ പകുതിയും അധിക തീരുവയുടെ കീഴിൽ വരും. മരുന്നുകൾ, ഇലക്ട്രോണിക്സ്, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവക്ക് പിഴത്തീരുവ ബാധകമല്ല.
ബംഗ്ലാദേശ്, വിയറ്റ്നാം, ശ്രീലങ്ക, കംബോഡിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് താരതമ്യേന കുറഞ്ഞ തീരുവ ആയതിനാൽ നിരവധി ഇന്ത്യൻ ഉൽപന്നങ്ങൾ അമേരിക്കൻ വിപണിയിൽനിന്ന് പുറന്തള്ളപ്പെടാൻ ഉയർന്ന തീരുവ ഇടയാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉയർന്ന തീരുവ നിലവിൽ വരുന്നതിന് മുമ്പ് അമേരിക്കയിലേക്കുള്ള കയറ്റുമതി ചില സ്ഥാപനങ്ങൾ വർധിപ്പിച്ചിരുന്നു. ജൂലൈയിൽ കയറ്റുമതിയിൽ 19.94 ശതമാനം വർധനയാണുണ്ടായത്.
സ്വദേശി മന്ത്രവുമായി മോദി
അഹ്മദാബാദ്: ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള അമേരിക്കൻ തീരുവയുടെ ആഘാതത്തിനിടെ, സ്വദേശി മന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഹൻസാൽപുരിൽ മാരുതി സുസുക്കിയുടെ പുതിയ ഇലക്ട്രിക് വാഹനമായ ‘ഇ വിറ്റാര’ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് സ്വദേശി ഉൽപന്നങ്ങൾ വാങ്ങണമെന്ന ആഹ്വാനം അദ്ദേഹം നടത്തിയത്.
നിക്ഷേപം നടത്തുന്നത് ആരെന്നത് വിഷയമല്ലെന്നും രാജ്യത്തെ ജനങ്ങളുടെ അധ്വാനത്തിലൂടെയാണോ ഉൽപന്നം നിർമിക്കുന്നത് എന്നതാണ് പ്രധാനമെന്നും മോദി പറഞ്ഞു. നിക്ഷേപം ഡോളറിലാണോ പൗണ്ടിലാണോ അല്ലെങ്കിൽ കറൻസി കറുപ്പാണോ വെളുപ്പാണോ എന്നത് പ്രശ്നമല്ല. തദ്ദേശീയരുടെ വിയർപ്പുകൊണ്ട് നിർമിക്കുന്നതെന്തും സ്വദേശിയാണ്. ആ നിലക്ക് നോക്കുമ്പോൾ മാരുതി സുസുക്കിയും സ്വദേശി കമ്പനിയാണ്. സ്വദേശി എന്നതായിരിക്കണം നമ്മുടെ ജീവിത മന്ത്രം. സ്വദേശിയെ അഭിമാനത്തോടെ സ്വീകരിക്കാം. ജപ്പാൻ ഇന്ത്യയിൽ നിർമിക്കുന്ന ഉൽപന്നങ്ങളും സ്വദേശിയാണെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.