ഖുർആൻ വചനം ഉദ്ധരിച്ച് ബിൽ ക്ലിന്റൺ; ‘മകൾ 15 വയസിൽ ഖുർആൻ മുഴുവൻ വായിച്ചു, എന്നെ വായിക്കാൻ പ്രേരിപ്പിച്ചു’
text_fieldsബിൽ ക്ലിന്റൺ
വാഷിങ്ടൺ: മുസ്‌ലിംകളായതിന്റെ പേരിൽ മനുഷ്യരെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ. ഫ്ലോറിഡയിൽ സർവമത സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുർആനിലെ വചനം പാരായണം ചെയ്താണ് ക്ലിന്റൻ പ്രസംഗിച്ചത്.
മനുഷ്യരെ വ്യത്യസ്ത ജനവിഭാഗങ്ങളും ഗോത്രങ്ങളുമായി സൃഷ്ടിച്ചത് പരസ്പരം തിരിച്ചറിയാനും മനസ്സിലാക്കാനുമാണെന്ന് വ്യക്തമാക്കുന്ന ഖുർആനിലെ സൂറത്തുൽ ഹുജുറാത്തിലെ പതിമൂന്നാം വചനമാണ് ക്ലിന്റൺ പ്രസംഗത്തിൽ ഉദ്ധരിച്ചത്. മനുഷ്യർക്കിടയിലെ വൈവിധ്യം പരസ്പര വിദ്വേഷത്തിനല്ല, മറിച്ച് പരസ്പരം അറിയുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള അവസരമായാണ് കാണേണ്ടതെന്ന സന്ദേശമാണ് ഈ വചനം നൽകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. മതത്തിന്റെ പേരിലുള്ള വിദ്വേഷവും വിവേചനവും അവസാനിപ്പിക്കണമെന്നും വിവിധ മതവിഭാഗങ്ങൾക്കിടയിൽ പരസ്പരധാരണയും സഹവർത്തിത്വവും വളർത്തണമെന്നും ക്ലിൻറൺ ആവശ്യപ്പെട്ടു.
മകൾ ചെൽസി ക്ലിന്റനാണ് തനിക്ക് ഖുർആൻ പരിചയപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 15 വയസ്സുള്ളപ്പോൾ ചെൽസി വിശുദ്ധ ഖുർആൻ ആദ്യം മുതൽ അവസാനം വരെ വായിച്ചിരുന്നു. പിന്നീട് ഖുർആൻ വായിക്കാൻ തന്നെയും പ്രേരിപ്പിച്ചതായി ക്ലിന്റൺ ഓർമിച്ചു.
മുസ്‌ലിംകളായതിന്റെ പേരിൽ ആളുകളെ അധിക്ഷേപിക്കുന്നത് കേട്ട് തനിക്ക് മതിയായതായി അദ്ദേഹം പറഞ്ഞു.‘എല്ലാ മതങ്ങളിലും തെറ്റായ പ്രവൃത്തികൾ ചെയ്യുന്നവരുണ്ട്. കാരണം, നാമെല്ലാം ന്യൂനതകളുള്ള മനുഷ്യരാണ്. മതയുദ്ധങ്ങളും സാംസ്കാരിക സംഘർഷങ്ങളും കണ്ട് ഞാൻ മടുത്തു’ -ക്ലിന്റൺ പറഞ്ഞു.
മിഷിഗണിൽനിന്ന് യു.എസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ എൽ സയ്യിദിനെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കെയാണ് ക്ലിന്റന്റെ പ്രസംഗം. മുസ്‌ലിമായ എൽ സയ്യിദിന് മുസ്‌ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു. അദ്ദേഹത്തെ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങളും ട്രംപ് നടത്തി. എന്നാൽ, ആരോപണങ്ങൾ എൽ സയ്യിദ് നിഷേധിച്ചു.
മതവിശ്വാസത്തിന്റെ പേരിൽ വ്യക്തികളുടെ രാജ്യസ്നേഹവും വിശ്വസ്തതയും ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മതസൗഹാർദത്തിനും പരസ്പര ബഹുമാനത്തിനും ആഹ്വാനം ചെയ്ത് ക്ലിന്റൺ രംഗത്തെത്തിയത്. ഫ്ലോറിഡയിലെ ബ്രോവാർഡ് കൗണ്ടിയിൽ കൊയ്നോണിയ വർഷിപ് സെന്ററിലാണ് ‘പല വിശ്വാസങ്ങൾ, ഒരു ഫ്ലോറിഡ’ എന്ന പേരിൽ സർവമത സംഗമം സംഘടിപ്പിച്ചത്.

