വിയറ്റ്നാം പ്രസിഡന്റ് രാജിവെച്ചു
text_fieldsഗുയെന്‍ ഷുവാന്‍ ഫുക് - REUTERS/File Photo
ബാങ്കോക്ക്: അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്താക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ വിയറ്റ്നാം പ്രസിഡന്റ് ഗുയെന്‍ ഷുവാന്‍ ഫുക് രാജിവെച്ചു. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽനിന്നും രാജിവെച്ചു. രാജി വിയറ്റ്നാം സർക്കാർ വാര്‍ത്ത ഏജന്‍സി വി.എൻ.എ സ്ഥിരീകരിച്ചു. ദേശീയ അസംബ്ലി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് വോ തി അൻ ഷുവാൻ ആക്ടിങ് പ്രസിഡന്റാകും. അഴിമതിയുടെ പേരില്‍ ഈമാസം ആദ്യം രണ്ട് ഉപ പ്രധാനമന്ത്രിമാരെ കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയിരുന്നു. നിരവധി ഉദ്യോഗസ്ഥരെ അറസ്റ്റും ചെയ്തു.
രണ്ട് ഉപ പ്രധാനമന്ത്രിമാരും മൂന്നു മന്ത്രിമാരും നിരവധി ഉദ്യോഗസ്ഥരും നിയമലംഘനങ്ങള്‍ നടത്തി പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ നേതാവെന്ന നിലയില്‍ അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുകയായിരുന്നുവെന്നും കമ്യൂണിസ്റ്റ് പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. 2016 മുതല്‍ 2021 വരെ വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയായിരുന്നു 68കാരനായ ഫുക്. 2021 ഏപ്രിലിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1979ൽ പ്രവിശ്യാ തലത്തിലാണ് സർക്കാർ സേവനം തുടങ്ങിയത്.
2006ൽ ദേശീയ സർക്കാറിൽ ഇടംപിടിച്ചു. 2011ൽ പോളിറ്റ്ബ്യൂറോയിൽ ചേർന്നു. ഏകകക്ഷി ഭരണമുള്ള വിയറ്റ്നാമിലെ പ്രസിഡന്റുസ്ഥാനം ഏറക്കുറെ ആലങ്കാരികമാണ്. ഏറ്റവും ശക്തൻ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയാണ്. നിലവിൽ ഗുയെൻ ഫു ട്രോങ്ങാണ് ഈ പദവി വഹിക്കുന്നത്. അദ്ദേഹം 2021ലാണ് അപൂർവമായി മൂന്നാമതും ഭരണം നേടിയത്. രണ്ട് മുൻ കാബിനറ്റ് മന്ത്രിമാരെയും ഹനോയിയുടെ മുൻ മേയറെയും ലക്ഷ്യമിട്ടുള്ള ദീർഘകാല അഴിമതിവിരുദ്ധ കാമ്പയിന് നേതൃത്വം നൽകുന്നത് അദ്ദേഹമാണ്. കോവിഡ് മഹാമാരി സമയത്ത് പൗരന്മാരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാൻ ചാർട്ടർ ഫ്ലൈറ്റുകൾ ഏർപ്പെടുത്തിയതിലും പരിശോധന കിറ്റുകളുടെ വിതരണത്തിലുമാണ് അഴിമതി ആരോപണം ഉയർന്നത്. അതേസമയം, രാജിക്ക് പിന്നാലെ, ഫുകിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി സര്‍ക്കാര്‍ പ്രസ്താവനയിറക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.