വിമാനത്തിൽനിന്നുള്ള ബഹിരാകാശ റോക്കറ്റ് വിക്ഷേപണം പരാജയം: വിർജിൻ ഓർബിറ്റ് അന്വേഷണം ആരംഭിച്ചു
text_fieldsലണ്ടൻ: വിമാനത്തിൽനിന്ന് റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനുള്ള സ്വകാര്യ സ്ഥാപനമായ വിർജിൻ ഓർബിറ്റിന്റെ ശ്രമം പരാജയം. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കോൺവാളിൽ അത്‍ലാന്റിക് സമുദ്രത്തിനു മുകളിലാണ് പരിഷ്‍കരിച്ച ബോയിങ് 747 വിമാനം ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിച്ചത്. ആദ്യഘട്ടമായ വിമാനത്തിൽനിന്നുള്ള വിക്ഷേപണം വിജയിച്ചെങ്കിലും രണ്ടാം ഘട്ടത്തിൽ റോക്കറ്റിന് സംഭവിച്ച തകരാറിനെ തുടർന്ന് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനായില്ല.
ആദ്യ ഘട്ടം പ്രതീക്ഷിച്ചപോലെതന്നെ പ്രവർത്തിച്ചുവെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് വിർജിൻ ഓർബിറ്റ് കമ്പനി അറിയിച്ചു.
റോക്കറ്റ് ബഹിരാകാശ ഉയരത്തിൽ എത്തി. റോക്കറ്റിന്റെ മുകളിലെ ഘട്ടത്തിന്റെ ജ്വലനവും നടന്നു. ലക്ഷ്യത്തിലെത്താൻ ഏകദേശം 180 കിലോമീറ്റർ ഉള്ളപ്പോഴാണ് അപാകത അനുഭവപ്പെട്ടത്. റോക്കറ്റ് ഘടകങ്ങളും ഉപഗ്രഹങ്ങളും നശിച്ചു. പരാജയകാരണങ്ങൾ സംബന്ധിച്ച് കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വർഷാവസാനം മറ്റൊരു വിക്ഷേപണം നടത്താൻ യു.കെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണെന്നും അറിയിച്ചു.
2017ൽ ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസൺ സ്ഥാപിച്ച വിർജിൻ ഓർബിറ്റ്, 2021ലാണ് വാണിജ്യ വിക്ഷേപണ സേവനങ്ങൾ ആരംഭിച്ചത്. കാലിഫോർണിയയിൽനിന്ന് സമാനമായ നാലു വിക്ഷേപണങ്ങൾ മുമ്പ് വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.