വ്‌ളാദിമിർ, നിർത്തൂ!’; 12 പേർ കൊല്ലപ്പെട്ട കീവ് ആക്രമണത്തിനു പിന്നാലെ പുടിനോട് ട്രംപ്
text_fieldsവാഷിംങ്ടൺ: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ 12 പേരുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണത്തിനു പിന്നാലെ റഷ്യക്ക് ട്രംപിന്റെ ശാസന. ‘വ്‌ളാദിമിർ, നിർത്തൂ!’ എന്ന് റഷ്യൻ പ്രസിഡന്റിനോട് സമൂഹ മാധ്യമ പോസ്റ്റിൽ ട്രംപ് പറഞ്ഞു.
റഷ്യ കീവിൽ വൻതോതിലുള്ള ആക്രമണം അഴിച്ചുവിട്ടതായി യുക്രെയ്നിന്റെ സ്റ്റേറ്റ് എമർജൻസി സർവിസ് ‘ടെലഗ്രാമി’ൽ അറിയിച്ചു. കരയിൽ നിന്നുള്ള ആക്രമണങ്ങൾ മറയാക്കി റഷ്യൻ സൈന്യം വൻതോതിലുള്ള വ്യോമാക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്നതായി സെലെൻസ്‌കിയും പറഞ്ഞു.
റഷ്യക്ക് അനുകൂലമായ നിബന്ധനകളിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും ശ്രമം നടത്തുന്നതിനിടെയാണ് യു.എസ് പ്രസിഡന്റിന്റെ പരാമർശങ്ങൾ. 2014ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതിനെ അംഗീകരിച്ചത് ഉൾപ്പെടെയുള്ള വ്യവസ്ഥകളിൽ റഷ്യക്ക് അനകൂലമായിരുന്നു ട്രംപിന്റെ നിലപാട്. എന്നാൽ, യുക്രെയ്ൻ പ്രസിഡന്റ് േവ്ലാഡിമിർ സെലെൻസ്‌കി ഈ വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതികരിച്ചിരുന്നു.
അധികാരമേറ്റ് 100 ദിവസത്തിനു മുമ്പ് വെടിനിർത്തൽ കരാർ ഒപ്പിടണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ പറയുന്നു. അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ വ്‌ളാദിമിർ പുടിന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നതായും യു.എസ് പ്രസിഡന്റ് തറപ്പിച്ചു പറഞ്ഞു.
കീവിനെതിരായ ആക്രമണം ഈ വർഷത്തെ ഏറ്റവും വലുതും മാരകവുമായിരുന്നു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. കുറഞ്ഞത് 90 പേർക്ക് പരിക്കേറ്റു. ഖാർകിവിലും മറ്റ് നഗരങ്ങളിലും റഷ്യ ആക്രമണം നടത്തി.
വ്യാഴാഴ്ച പുലർച്ചെ ഡ്രോണുകളുടെയും ബാലിസ്റ്റിക്, ഗൈഡഡ് മിസൈലുകളുടെയും യുക്രെയ്ൻ തലസ്ഥാനത്ത് പതിച്ചു. പ്രാദേശിക സമയം പുലർച്ചെ 1മണിയോടെ ആരംഭിച്ച് രാത്രിയിൽ ഭൂരിഭാഗവും സ്ഫോടനങ്ങളുണ്ടായിരുന്നു.
രക്ഷാപ്രവർത്തകർ ഒരാളെ ജീവനോടെ കണ്ടെത്തിയതായും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായും കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. ഇരകളിൽ രണ്ടുപേർ ഒരു സഹോദരനും സഹോദരിയും ആണെന്നും നമ്മുടെ തലസ്ഥാനത്ത് നാശവും നഷ്ടവും ഉണ്ടായതിൽ ഞങ്ങൾക്ക് അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരിൽ ആറ് കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. 40 ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വീടും മറ്റ് കെട്ടിടങ്ങളും കാറുകളും കത്തിനശിച്ചു. നിരവധി ജില്ലകളിലായി അവശിഷ്ടങ്ങൾ വീണു വ്യാപകമായ നാശനഷ്ടമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.