‘ഞങ്ങൾ ഇപ്പോൾ തന്നെ മരണത്തിലേക്ക് നടക്കുകയാണ്, ഇത്രയൊക്കെ ചെയ്തിട്ടും മതിയായില്ലേ...?’
text_fieldsആഗോളതലത്തിൽ പ്രതിഷേധം സൃഷ്ടിച്ചുകൊണ്ട് ഗസ്സയിലെ ഏറ്റവും വലിയ നഗരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ കരാക്രമണത്തിന് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയതോടെ പത്ത് ലക്ഷം ഫലസ്തീനികളുടെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയുടെ നീക്കം അവരെ പ്രദേശത്തിന്റെ തെക്കോട്ടും അനിശ്ചിതമായ ഭാവിയിലേക്കും നയിക്കുമെന്നാണ് റിപ്പോർട്ട്.
ബിന്യമിൻ നെതന്യാഹു ഗസ്സ സിറ്റിക്കായി മുന്നോട്ടുവച്ച പദ്ധതി 22 മാസത്തെ യുദ്ധം കൂടുതൽ വഷളാക്കുകയും ക്ഷീണിതരും പട്ടിണി കിടക്കുന്നവരുമായ ജനങ്ങളെ കൂടുതൽ കൂട്ടത്തോടെ കുടിയിറക്കുകയും ചെയ്യും. എന്നാൽ, മുഴുവൻ മന്ത്രിസഭയും തീരുമാനം ഇതുവരെ അംഗീകരിച്ചിട്ടില്ല. സർക്കാർ തീരുമാനം മാറ്റണമെന്ന് ലോകമെമ്പാടുനിന്നും ആഹ്വാനങ്ങൾ ഉയരുന്നുണ്ട്. ഇസ്രായേലിന്റെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരനും യൂറോപ്പിലെ ഏറ്റവും ശക്തമായ പിന്തുണക്കാരനുമായ ജർമനി, ഗസ്സയിൽ ഉപയോഗിക്കാവുന്ന ആയുധങ്ങളുടെ വിതരണം വെള്ളിയാഴ്ച നിർത്തിവെച്ചു.
‘പലതവണ നാടുകടത്തപ്പെട്ടു. ക്യാമ്പുകളിലെ ടെന്റിലോ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലോ താമസിക്കാൻ നിർബന്ധിതരായി. പട്ടിണിയും വൈദ്യസഹായവും നഷ്ടപ്പെട്ടു. ഇന്ന് രാവിലെ മുതൽ ഗസ്സ നഗരത്തെ ഒഴിപ്പിക്കുമെന്ന വാർത്ത കേട്ടതിനുശേഷം എനിക്ക് ഉത്കണ്ഠയും ഭയവും തോന്നുന്നു’ -വടക്കൻ ഗസ്സയിൽ നിന്നുള്ള 55 വയസ്സുള്ള ഉമ്മു ഇബ്രാഹിം ബനാത്ത് പറഞ്ഞു. മകളും ഭർത്താവും കുട്ടികളും കൊല്ലപ്പെട്ട ബനാത്തിന്റെ കുടുംബം ഇതിനകം നാല് തവണ നാടുകടത്തപ്പെട്ടു. കുട്ടികളെയും പ്രായമായവരെയും കൊണ്ട് ഞങ്ങൾ ഇനി എവിടേക്ക് പോകും? സ്ഥലംമാറ്റം, പട്ടിണി, ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ആട്ടിയോടിക്കപ്പെടൽ എന്നിവയാൽ ക്ഷീണിതരാണെന്നു പറഞ്ഞ അവർ ഞങ്ങൾ ഇതിനകം തന്നെ മരണത്തിലേക്കുള്ള നടത്തത്തിലാണെന്നും പറഞ്ഞു.
‘ഞങ്ങളുടെ യുവത്വത്തിന്റെ ഏറ്റവും മികച്ചത് നമുക്ക് നഷ്ടപ്പെട്ടു. നമ്മുടെ പ്രദേശം കര, കടൽ, വായു എന്നിവയാൽ വളയപ്പെട്ട ഒരു വലിയ ജയിലാണ്. നാശം അസഹനീയമായിരിക്കുന്നു. രോഗങ്ങൾ പടരുന്നു. കണ്ണെത്താ ദൂരത്തോളം കൂടാരങ്ങൾ വ്യാപിച്ചിരിക്കുന്നു. വെള്ളം മലിനമായി, വിലകൾ ഭ്രാന്തമായി, ആശുപത്രികൾ തകർന്നിരിക്കുന്നു. ഞങ്ങളുടെ ജീവിതം തികച്ചും ദാരുണമാണ്! അവർക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടതെന്നും’ ബനാത് ചോദിക്കുന്നു.
ഗസ്സ സിറ്റിയിലെ താമസക്കാർ ഇതുവരെ ഒഴിപ്പിക്കൽ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും, തെക്കൻ പ്രദേശങ്ങളിൽ സുരക്ഷിതമായി താമസിക്കാൻ ഒരു സ്ഥലം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ പലരും വീണ്ടും പോകാൻ തയ്യാറെടുക്കുകയാണ്.
ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടാൽ എന്റെ കുടുംബത്തെയും കുട്ടികളെയും ഓർത്ത് ഞാൻ എല്ലാം ഉപേക്ഷിച്ച് പോകും -നാല് കുട്ടികളുടെ പിതാവും 35 കാരനായ അബു നാസർ മുഷ്തഹ പറയുന്നു. താമസച്ചെലവ് വളരെ കൂടുതലായിരിക്കും. എനിക്ക് ഇതിനകം തന്നെ എല്ലാം നഷ്ടപ്പെട്ടു. യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രായേൽ ബോംബിങ്ങിൽ മുഷ്തഹക്ക് മാതാവിനെയും നഷ്ടപ്പെട്ടു.
‘ഇത്രയും ആളുകളെയെല്ലാം എങ്ങനെ തെക്കൻ പ്രദേശത്തേക്ക് ഒഴിപ്പിക്കാൻ കഴിയും? അവിടെ ഇതിനകം തന്നെ തിരക്കിലമർന്നിരിക്കുകയാണ്? ഗസ്സ സിറ്റിയിൽ നിന്നുള്ള രണ്ട് കുട്ടികളുടെ പിതാവായ 46 കാരനായ ഹൊസാം അൽ സഖ ചോദിച്ചു. ‘ഞങ്ങൾ ഞങ്ങളുടെ വീടുകളിലും ഞങ്ങളുടെ ഭൂമിയിലും മുറുകെ പിടിച്ച് കഴിയുന്നു. മുഴുവൻ ആയുധങ്ങളും എന്റെ തലക്കു നേരെ ചൂണ്ടിയാലും ഞാൻ പോകില്ല. നെതന്യാഹുവിന്റെയും ഇസ്രായേലിന്റെയും പ്രചാരണം ജനങ്ങളെ ഭയപ്പെടുത്താനും ഭയം വളർത്താനും ഉദ്ദേശിച്ചുള്ള ‘മാധ്യമ വെടിക്കെട്ട്’ മാത്രമായി ഞാൻ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഞങ്ങളെ ഭയപ്പെടുത്തില്ല, കാരണം ദൈവം ഞങ്ങൾക്കൊപ്പമുണ്ട്. അവൻ എല്ലാവരേക്കാളും ശക്തനാണ്’- ഹൊസാം പറയുന്നു.
‘ഞങ്ങൾ കുട്ടിക്കാലം മുതൽ വളർന്ന നാടാണിത്. എളുപ്പത്തിൽ ഉപേക്ഷിക്കാനാവില്ല’ -യുദ്ധത്തിൽ 23 വയസ്സുള്ള മൂത്ത മകനെ നഷ്ടപ്പെട്ട 47 കാരനായ ഇബ്രാഹിം അബു അൽ ഹുസ്‌നി പറഞ്ഞു. ഞാൻ ഈ നഗരം വിട്ടുപോകില്ല. ‘ഞാൻ ഇവിടെ തന്നെ ജീവിക്കും ഞാൻ ഇവിടെ തന്നെ മരിക്കും’- ഇബ്രാഹീം പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.