ഹൂതികൾക്കായി ഇറാനിൽ നിന്നെത്തിച്ച ആയുധങ്ങൾ പിടിച്ചെടുത്തു
text_fieldsദുബൈ: ഹൂതി വിമതർക്കായി ഇറാനിൽ നിന്നെത്തിച്ച 750 ടൺ മിസൈലുകളും ആയുധങ്ങളും പിടിച്ചെടുത്തതായി യമന്റെ പ്രവാസി സർക്കാറുമായി ബന്ധമുള്ള പോരാളികൾ അവകാശപ്പെട്ടു. 2014ൽ യമൻ തലസ്ഥാനമായ സൻആ പിടിച്ചെടുത്ത ഹൂതികൾക്കുവേണ്ടി ഇറാനിൽനിന്ന് കൊണ്ടുവരുന്ന ആയുധങ്ങൾ നിരവധി തവണ യു.എസ് നാവികസേനയും മറ്റ് പാശ്ചാത്യ നാവികസേനകളും പിടിച്ചെടുത്തിരുന്നു.
യെമനിലെ ശക്തനായ നേതാവായിരുന്ന അന്തരിച്ച അലി അബ്ദുല്ല സാലിഹിന്റെ അനന്തരവൻ താരിഖ് സാലിഹുമായി സഖ്യത്തിലുള്ള നാഷനൽ റെസിസ്റ്റൻസ് ഫോഴ്സ് നടത്തുന്ന പ്രധാന ആയുധവേട്ടയാണിത്. കഴിഞ്ഞമാസം അവസാനമാണ് ആയുധങ്ങൾ പിടിച്ചെടുത്തതെന്നും അവർ പറഞ്ഞു. അതേസമയം, ഹൂതികളും ഇറാനും ഇതുവരെ ഇക്കാര്യം സമ്മതിച്ചിട്ടില്ല.
കപ്പൽ വേധ മിസൈലുകളുടെ ശേഖരം നാഷനൽ റെസിസ്റ്റൻസ് ഫോഴ്സ് പുറത്തിറക്കിയ വിഡിയോയിൽ കാണാം. അടുത്തിടെ, ഹൂതികൾ ചെങ്കടലിൽ മുക്കിയ രണ്ട് കപ്പലുകൾ ആക്രമിക്കാൻ ഉപയോഗിച്ചതും സമാന മിസൈലുകളായിരുന്നു. ഇറാൻ നിർമിത 358 വിമാന വേധ മിസൈലുകളും ദൃശ്യങ്ങളിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.