ഇഴഞ്ഞുനീങ്ങുന്ന പച്ച ട്രെയിൻ; കൂടെ വന്ന കൗമാരക്കാരിയായ മകൾ
text_fieldsഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും മകൾ കിം ജു അയും
അതിനിഗൂഢമായ ജീവിതമാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്‍റേത്. അദ്ദേഹത്തിന്‍റെ വാക്കുകളിലും പ്രവർത്തനങ്ങളിലും അന്തരാർഥങ്ങൾ ചികയുന്നത് രാജ്യാന്തര മാധ്യമങ്ങൾക്കും ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ബെയ്ജിങിലേക്കുള്ള കിമ്മിന്‍റെ യാത്രയും ഒപ്പം വന്ന മകളും ഇപ്പോൾ ചൂടുവാർത്തയാണ്.
ഉന്നതതല ഉച്ചകോടിക്കും സൈനിക പരേഡിനുമായി ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലേക്ക് കിമ്മും സംഘവുമെത്തിയത് അദ്ദേഹത്തിന്‍റെ പ്രിയ വാഹനമായ ട്രെയിനിലായിരുന്നു. ഒപ്പം 12 വയസുകാരി മകൾ കിം ജു അയും ഉണ്ടായിരുന്നു. തന്‍റെ പിൻഗാമിയായി മകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഈ ചടങ്ങിലേക്ക് മകളെയും കിം കൂട്ടിയതെന്ന് കരുതപ്പെടുന്നു.
കിം ജോങ് ഉൻ ബെയ്ജിങ്ങിലേക്ക് വരുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ തന്നെ അദ്ദേഹത്തിന്‍റെ ട്രെയിൻ എവിടെയാണെന്ന് ലൊക്കേറ്റ് ചെയ്യാൻ വിദേശ ഇന്‍റലിജൻസ് ഏജൻസികൾ ശ്രമം തുടങ്ങിയിരുന്നു. ഉത്തരകൊറിയയിൽ ‘സൂര്യൻ’ എന്ന് വിളിപ്പേരുള്ള കടുംപച്ച പെയിൻറടിച്ച ബുള്ളറ്റ് പ്രൂഫ് ട്രെയിൻ ആണ് കിമ്മിന്‍റെ ഇഷ്ട വാഹനം. രാജ്യത്തിനുള്ളിലും വിദേശത്തുമൊക്കെ കിം ദീർഘ യാത്ര ചെയ്യുന്നത് ഇതിലാണ്. മുൻ ഭരണാധികാരികളായ കിമ്മിന്‍റെ പിതാവും മുത്തശ്ശനുമെല്ലാം ട്രെയിൻ തന്നെയാണ് ഉപയോഗിച്ചിരുന്നത്.
കിമ്മിന്‍റെ പിതാവ് കിം ജോങ് ഇല്ലിന് വിമാനത്തിൽ യാത്ര ചെയ്യാൻ ഭയമായിരുന്നു (എയ്റോഫോബിക്). ദീർഘമായ ട്രെയിൻ യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ചൈനയിലേക്കും റഷ്യയിലേക്കും സോവിയറ്റ് യൂനിയന്‍റെ പലഭാഗങ്ങളിലേക്കും ട്രെയിനിൽ യാത്ര ചെയ്യുമായിരുന്നു. 2001 ൽ മോസ്കോയിലേക്ക് 12,400 മൈൽ യാത്ര ചെയ്ത് എത്തി. മൂന്നാഴ്ചയാണ് ഈ യാത്രക്കെടുത്തത്. 2011ൽ അദ്ദേഹം ഹൃദയാഘാതത്താൽ മരണപ്പെടുന്നതും ഇത്തരമൊരു യാത്രക്കിടെ ട്രെയിനിൽ വെച്ചാണ്.
മകനും പിതാവിന്‍റെ പാതയിൽ തന്നെയാണ്. ഇതിന് മുമ്പ് രണ്ടുതവണ ചൈനയിലേക്കും റഷ്യയിലേക്കും ട്രെയിനിൽ എത്തിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ളതാണ് കിം ജോങ് ഉന്നിന്‍റെ ട്രെയിൻ. പ്രത്യേക കൗച്ചുകൾ, സാറ്റലൈറ്റ് ഫോൺ, കമ്പ്യൂട്ടറുകൾ, ടി.വികൾ, അംഗരക്ഷകരുടെ ചെറു സൈന്യം, മെഡിക്കൽ സ്റ്റാഫ് എന്നിവ ട്രെയിനിൽ സജ്ജമാണ്. ബുള്ളറ്റ് പ്രൂഫ് പ്ലേറ്റിങ് ചെയ്ത ട്രെയിനിൽ ഏത് വലിയ ആക്രമണവും നേരിടാൻ പാകത്തിൽ വൻ ആയുധശേഖരവും നിരവധി കാറുകളുമുണ്ടാകും. പക്ഷേ, വളരെ സാവധാനമാണ് ട്രെയിനിന്‍റെ യാത്ര. മണിക്കൂറിൽ പരമാവധി 55-60 കിലോമീറ്ററാണ് വേഗത.
ചൊവ്വാഴ്ച ഈ ട്രെയിൻ ബെയ്ജിങിലെത്തുമ്പോൾ കിമ്മിനേക്കാൾ മാധ്യമങ്ങൾ ശ്രദ്ധിച്ചത് തൊട്ടുപിന്നിലായി പുറത്തിറങ്ങിയ മകൾ കിം ജു അയിനെയായിരുന്നു. 12 വയസുണ്ടാകുമെന്ന് കരുതപ്പെടുന്ന കിം ജു അയ് മാത്രമാണ് ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള കിമ്മിന്‍റെ സന്താനം. 2022 മുതൽ പിതാവിനൊപ്പം സൈനിക പരേഡുകളിലും ആയുധ പരീക്ഷണങ്ങളിലും മറ്റ് ചടങ്ങുകളിലും കിം ജു അയ് പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായാണ് വിദേശ യാത്ര. വളരെ ശ്രദ്ധാപൂർവം മകളെ പിൻഗാമിയാക്കി കിം ഉയർത്തിക്കൊണ്ടുവരുന്നുവെന്നാണ് ദക്ഷിണകൊറിയൻ നിരീക്ഷകർ കരുതുന്നത്. ബെയ്ജിങിൽ ചൈനീസ് അധികൃതർ നൽകിയ സ്വീകരണത്തിൽ കിമ്മിന് തൊട്ടുപിന്നിൽ രണ്ടാമത്തെ ആളെന്ന പരിഗണനയാണ് മകൾക്ക് ലഭിച്ചത്.
2022 ൽ ഒരു ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലിന് മുന്നിൽ പിതാവും മകളും കൈ പിടിച്ച് നിൽക്കുന്ന നിലയിലാണ് ആദ്യമായി കിം ജു അയ് അവതരിപ്പിക്കപ്പെടുന്നത്. അതിന് ശേഷം നിരന്തരം 12 കാരിയുടെ ചിത്രങ്ങളും വീഡിയോകളും സ്റ്റേറ്റ് ടി.വിയിൽ വരുന്നുണ്ട്. പക്ഷേ, പേര് പറയാതെ, ‘ഏറ്റവും പ്രിയപ്പെട്ടവൾ’ , ‘ബഹുമാന്യ’, ‘പ്രിയങ്കരി’ തുടങ്ങിയ പദങ്ങളാണ് പരാമർശിക്കാൻ ഉപയോഗിക്കുന്നത്. സീനിയർ മിലിറ്ററി ഉദ്യോഗസ്ഥർ വിനീതരായി അവർക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും വ്യാപകമാണ്. 2023 ലെ ഒരു മിലിറ്ററി പരേഡിൽ മുതിർന്ന ജനറൽ അവർക്ക് മുന്നിൽ മുട്ടുകുത്തി നിന്ന് രഹസ്യം പറയുന്ന ചിത്രം പുറത്തുവന്നിരുന്നു.
കിമ്മിന് രണ്ടുമക്കളുണ്ടെന്നാണ് കരുതപ്പെടുന്നത്. മൂന്നാമതൊരു കുട്ടിയുണ്ടെന്ന് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുമുണ്ട്. പിതാവിന്‍റെ പിൻഗാമിയായി കിം ജു അയ് ഭരണനേതൃത്വത്തിൽ വന്നാൽ ആ പദവിയിലെത്തുന്ന ആദ്യ വനിതയായിരിക്കും.
41 കാരനായ കിം എന്തിനാണ് ഇപ്പോഴേ പിൻഗാമിയെകുറിച്ച് ചിന്തിക്കുന്നതെന്ന് സംശയം ഉണ്ടാകാം. അതിന് കാരണവും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. പാരമ്പര്യമായി ഹൃദയാരോഗ്യ പ്രശ്നമുള്ള കുടുംബമാണ് കിമ്മിന്‍റേത്. 5.7 അടി ഉയരമുള്ള അദ്ദേഹത്തിന് 140 കിലോയിലേറെ ഭാരമുണ്ട്. അനാരോഗ്യകരമായ ശീലങ്ങൾ പുറമേ. ചെയ്ൻ സ്മോക്കറാണ്. നന്നായി മദ്യപിക്കും. മൂക്കുമുട്ടെ ഭക്ഷണവും. അതിരാവിലെ വരെ ഉണർന്നിരുന്ന് ഇന്‍റർനെറ്റിൽ സർഫിങ്. ഇതൊക്കെ കൊണ്ട് തന്നെ പിൻഗാമിയെ വേഗം ഒരുക്കിയെടുക്കുന്നതാണ് സുരക്ഷിതമെന്ന് കിം കരുതുന്നുണ്ടാകണമത്രെ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.