‘ഗസ്സയിലെ കൊലപാതകത്തിന് റോയിട്ടേഴ്സും ഉത്തരവാദി'; ഫോട്ടോജേണലിസ്റ്റ് രാജിവെച്ചു
text_fieldsകാനഡ: ഗസ്സയിൽ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടക്കൊലയിൽ വാര്‍ത്ത ഏജൻസിയായ റോയിട്ടേഴ്സിനും പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ വനിത ഫോട്ടോ ജേര്‍ണലിസ്റ്റ് രാജിവെച്ചു. എട്ട് വര്‍ഷമായി സ്ട്രിങ്ങറായി ജോലി ചെയ്തിരുന്ന വലേരി സിങ്കാണ് ജോലി അവസാനിപ്പിച്ചത്.
‘കഴിഞ്ഞ എട്ട് വർഷമായി ഞാൻ റോയിട്ടേഴ്സിന് വേണ്ടി പ്രവർത്തിക്കുന്നു. ആ സേവനങ്ങളെ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു, പക്ഷേ, ഗസ്സയിലെ മാധ്യമ പ്രവർത്തകരുടെ ആസൂത്രിത കൂട്ടക്കൊലക്ക് വഴിയൊരുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന റോയിട്ടേഴ്സുമായുള്ള ബന്ധം തുടരുന്നത് ഇപ്പോൾ അസാധ്യമായിരിക്കുന്നു. റോയിട്ടേഴ്സിന്റെ ഈ പ്രസ് പാസ് കഴുത്തിലണിയുന്നത് അങ്ങേയറ്റം ലജ്ജാകരവും ദുഃഖഭരിതവുമായ അനുഭവമായി മാറിക്കഴിഞ്ഞു’ -പൊട്ടിച്ച റോയിട്ടേഴ്സ് പ്രസ് ഐഡന്റിറ്റി കാർഡിന്റെ ചിത്രം സഹിതം വലേരി സിങ്ക് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
ഇസ്രായേൽ ഗസ്സയിൽ മാധ്യമപ്രവർത്തകരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുന്ന സ്ഥാപനത്തിൽ ഇനി ജോലി ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് അവർ ജോലി അവസാനിപ്പിച്ചത്.
ഗസ്സ ഖാൻ യൂനിസിലെ അൽ നാസർ ആശുപത്രി ആക്രമിച്ച് അഞ്ച് മാധ്യമപ്രവർത്തകർ അടക്കം 20 പേരെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. റോയിട്ടേഴ്സ് വാർത്ത ഏജൻസിയുടെ ഫോട്ടോ ജേണലിസ്റ്റ് ഹുസ്സാം അൽ മസ്രി, അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് പ്രസ് അടക്കം വിവിധ മാധ്യമസ്ഥാപനങ്ങൾക്ക് വാർത്ത നൽകിയിരുന്ന മറിയം അബൂ ദഖ, എൻ.ബി.സി നെറ്റ്വർക്ക് മാധ്യമപ്രവർത്തകൻ മുആസ് അബൂതാഹ, ഖുദ്സ് ഫീഡ് റിപ്പോർട്ടർ അഹ്മദ് അബൂ അസീസ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.
മുഹമ്മദ് സലാമ ഫലസ്തീനി മാധ്യമപ്രവർത്തക ഹല അസ്ഫൂറിനെ വിവാഹം ചെയ്തത് കഴിഞ്ഞവർഷം യുദ്ധത്തിനിടയിലാണ്. ഗസ്സയിലെ ആശുപത്രികളിലെ മരുന്നിന്റെയും ചികിത്സ ഉപകരണങ്ങളുടെയും ക്ഷാമവും പ്രയാസങ്ങളും റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഇവർ. ആശുപത്രിക്കുമേൽ നേരിട്ട് ബോംബിടുകയായിരുന്നു.
രക്ഷാപ്രവർത്തകരും മറ്റു മാധ്യമപ്രവർത്തകരും ഉൾപ്പെടെ സംഭവസ്ഥലത്ത് എത്തിയപ്പോൾ വീണ്ടും ബോംബിട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതേ ആശുപത്രിയിലും മറ്റു ആശുപത്രികളിലും ഇസ്രായേൽ മുമ്പ് പലവട്ടം ബോംബിട്ടിട്ടുണ്ട്. ആശുപത്രിയിൽ നടത്തിയ ആക്രമണത്തെ യു.എന്നും വിവിധ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. യുദ്ധം ആരംഭിച്ചശേഷം 274 മാധ്യമപ്രവർത്തകരെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്.
ഗസ്സ സിറ്റിയിലെ സൈത്തൂൻ, സബ്റ എന്നിവിടങ്ങളിൽ ഇസ്രായേൽ കനത്ത ആക്രമണം നടത്തി. അതിനിടെ യമനിലെ ഹൂതികൾ കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ യമൻ തലസ്ഥാനമായ സൻആയിൽ വ്യോമാക്രമണം നടത്തി. ആറുപേർ കൊല്ലപ്പെടുകയും 86 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.